
കോഴിക്കോട്: ബി ജെ പിയുടെ പ്രവർത്തന രീതി ഇങ്ങനെപോരെന്ന് ഓർമ്മിപ്പിച്ച് മുതിർന്ന നേതാവ് ഒ രാജഗോപാൽ. കേന്ദ്രത്തിൽ അധികാരത്തിലുളള പാർട്ടിയെന്ന നിലയിൽ പ്രവർത്തനരീതി മാറണം. വെറുതെ കുറ്റം പറയലും ആവശ്യം ഉന്നയിക്കലുമല്ല ജനങ്ങളുടെ ആവശ്യങ്ങൾ സാധിച്ച് കൊടുക്കേണ്ട പാർട്ടിയാണ് ബി ജെ പിയെന്നും രാജഗോപാൽ ഓർമ്മിപ്പിച്ചു.
ഉത്തരവാദിത്തബോധം പ്രവർത്തകർക്കുണ്ടാകണമെന്നും രാജഗോപാൽ പറഞ്ഞു. ശബരിമല വിഷയത്തിൽ സുരേന്ദ്രൻ വഹിച്ച പങ്ക് മാനിച്ചുകൊണ്ടാണ് അദ്ദേഹത്തിന് രണ്ട് സീറ്റ് നൽകിയത്. ഭക്തജനങ്ങളുടെ പിന്തുണ നല്ലതുപോലെ കിട്ടുന്നുണ്ട്. ആരുടേയും കൂട്ടിന്റെ ആവശ്യമൊന്നുമില്ലെന്നും രാജഗോപാൽ പറഞ്ഞു.
ഒരു കൂട്ടുകെട്ടിനെപ്പറ്റിയും തനിക്ക് വിവരമില്ല. പാർട്ടിയിൽ ഒരു നേതൃത്വ പ്രശ്‌നവുമില്ല. ബാലശങ്കറിനെ നന്നായി അറിയാം. ഞങ്ങൾ ചങ്ങാതിമാരാണ്. ഡൽഹിയിൽ ഒരുപാട് കാലം ഒരുമിച്ചുണ്ടായതാണ്. അതിനു മുമ്പേ അറിയാം. കോൺഗ്രസുമായോ കമ്മ്യണിസ്റ്റുമായോ ബി ജെ പിയ്‌ക്ക് യാതൊരു കൂട്ടുകെട്ടുമില്ല. നമ്മളെന്തായാലും ജയിക്കില്ല, കമ്മ്യൂണിസ്റ്റുകാരെ എങ്ങനെയെങ്കിലും തോൽപ്പിക്കണം എന്ന രീതിയിൽ വോട്ട് ചെയ്യുന്ന കാലമുണ്ടായിരുന്നുവെന്നും ഇപ്പോൾ സ്വന്തം കാലിലാണ് പാർട്ടി നിൽക്കുന്നതെന്നും രാജഗോപാൽ പറഞ്ഞു.