
തിരുവനന്തപുരം: മറ്റന്നാൾ മുതൽ ഇടതുമുന്നണിക്കായി പ്രചാരണം തുടങ്ങുമെന്ന് പി സി ചാക്കോ. മുഖ്യമന്ത്രി പിണറായി വിജയനുമായി കോങ്ങാട് വേദി പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയ സാദ്ധ്യത പൂർണമായും മങ്ങിയെന്നും ചാക്കോ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ കേരളത്തിൽ യുഡിഎഫും എൽഡി എഫും തമ്മിലുള്ള മത്സരം ഫിഫ്റ്റി- ഫിഫ്റ്റിയായിരുന്നു. യു ഡി എഫ് നല്ല സ്ഥാനാർത്ഥി നിർണയം നടത്തി, ഐക്യത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ കോൺഗ്രസിന് വിജയിക്കാൻ കഴിയുമായിരുന്നു.ഇന്ന് അത് പൂർണമായും നശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സാധാരണ ഗതിയിൽ തുടർഭരണം അസാദ്ധ്യമാണ്. പക്ഷേ ഇപ്രാവശ്യം ഉണ്ടാകാൻ പോകുന്നത് ഇടുപക്ഷത്തിന്റെ തുടർഭരണം തന്നെയാണ്. അഭിപ്രായ വ്യത്യാസങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ടുപോകാനും, താരതമ്യേന മെച്ചപ്പെട്ട പ്രവർത്തനം നടത്താനും കഴിയുന്നത് ഇടതുപക്ഷത്തിന് തന്നെയാണ്. കോൺഗ്രസ് പ്രതീക്ഷിച്ചതിലും വളരെ പിറകോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് പിസി ചാക്കോ കോൺഗ്രസ് വിട്ടത്. കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല, എ കോൺഗ്രസും ഐ കോൺഗ്രസുമേയുളളൂ. ആ രണ്ട് ഗ്രൂപ്പുകളും തമ്മിലുളള സീറ്റ് വീതം വയ്പ്പാണ് നടക്കുന്നതെന്നും പി സി ചാക്കോ ആരോപിച്ചിരുന്നു. തുടർന്ന് അദ്ദേഹം എൻസിപിയിൽ ചേർന്നു.