
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസും സി പി എമ്മും തമ്മിലാണ് രഹസ്യധാരണയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പുളളിപ്പുലിയുടെ പുളളി മായ്‌ക്കാൻ പറ്റില്ല. സർക്കാർ വിശ്വാസികളെ വീണ്ടും കബളിപ്പിക്കുന്നതിന്റെ തെളിവാണ് യെച്ചൂരിയുടെ വാക്കുകൾ. സി പി എമ്മിന്റെ തനിനിറം വീണ്ടും പുറത്തുവന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
'മഞ്ചേശ്വരത്തും കോന്നിയിലും ജനങ്ങൾ ബി ജെ പിയെ പിന്തുണയ്‌ക്കും. രാഹുൽ ഗാന്ധി സിറ്റിംഗ് സീറ്റിൽ തോൽക്കുമെന്ന് കണ്ടപ്പോഴാണ് വയനാട്ടിൽ മത്സരിച്ചത്. ഞാൻ സിറ്റിംഗ് എം എൽ എയല്ല. ഞാൻ തോറ്റോടിയതല്ല. കളളവോട്ട് ചേർക്കൽ എല്ലാ തിരഞ്ഞെടുപ്പിലും സംഭവിക്കുന്നതാണ്. കഴിഞ്ഞതവണ മഞ്ചേശ്വരത്ത് തോറ്റത് തന്നെ ഈ കാരണത്താലാണ്. പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിലും വലിയ തോതിൽ ക്രമക്കേട് നടക്കാനുളള സാദ്ധ്യതയുണ്ട്' എന്നും സുരേന്ദ്രൻ പറഞ്ഞു.
നേമത്ത് യു ഡി എഫ് കാണിച്ച ധൈര്യം എന്തുകൊണ്ട് ധർമ്മടത്ത് കാണിക്കുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രി ഹെലികോപ്‌ടറിൽ യാത്ര ചെയ്യുന്നത് ജനങ്ങളുടെ നികുതിപണം കൊണ്ടാണെന്നും താൻ പാർട്ടി പണം കൊണ്ടാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.