
'കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ" എന്ന കവർസോംഗ് ഹിറ്റുകൾ ഭേദിച്ച് സോഷ്യൽ മീഡിയയിൽ കുതിക്കുമ്പോൾ ആ പാട്ടിന്റെ പിന്നിലെ സ്വരവുംപുഞ്ചിരിയുമായ ഗായിക അഞ്ജു ജോസഫിന്റെ വിശേഷങ്ങൾ...
അഞ്ജു ജോസഫ് എന്ന പേരും പാട്ടും കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മുഖത്ത് പുഞ്ചിരി വിരിയും. ചിരിച്ച് കൊണ്ട് പാട്ടുപാടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ് ഈ ഗായിക കൂടുക്കൂട്ടിയത്. അഞ്ജുവിന്റെ ഓരോ കവർസോംഗുകളും ഹിറ്റ്ലിസ്റ്റിൽ ഇടംപിടിക്കുന്നതും അതുകൊണ്ട് തന്നെയാണ്. ഇപ്പോഴിതാ അഞ്ജുവിന്റെ കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ എന്ന കവർസോംഗും ഹിറ്റുകൾ ഭേദിച്ച് സോഷ്യൽ മീഡിയയിൽ കുതിക്കുകയാണ്. പാട്ടു മധുരിക്കുന്ന ആ വിശേഷങ്ങളിലേക്ക്...
''ഓരോ പാട്ടും ചെയ്യുമ്പോൾ മനസിൽ പേടിയാണ്. ആളുകൾ എങ്ങനെ എടുക്കുമെന്നുള്ള ടെൻഷനാണ് കാരണം. നമ്മൾ കവർ ചെയ്യുന്ന പാട്ടിന്റെ ഒറിജിനൽ ഏറ്റവും മനോഹരമായിട്ട് ചെയ്തുവച്ചിരിക്കുന്നതാണ്. അതെല്ലാം ജനങ്ങൾക്ക് കാണാപ്പാഠവുമാണ്. പിന്നെ ഓരോ കവർ ചെയ്യുമ്പോഴും മനസിൽ കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന ചിന്തയുണ്ട്. എന്തായാലും 'കൈതപ്പൂവ്..." മികച്ച അഭിപ്രായങ്ങൾ നേടിത്തരുന്നുണ്ട്. പാട്ടും വിഷ്വൽസും നന്നായിട്ടുണ്ടെന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷമുണ്ട്. പിന്നിൽ ഒത്തിരി കഷ്ടപ്പാടുണ്ട്, അഖിൽ, തൃക്കണ്ണൻ, ഞാൻ, ഞങ്ങൾ മൂന്നുപേർ ചേർന്ന് ഒരു പ്രൊഡക്ഷൻ ടീമുണ്ട്, എന്റെ മാത്രം വിജയമല്ല ഇത്, അവരുടേതും കൂടിയാണ്. "" അഞ്ജു വീണ്ടും ചിരിച്ചു.
ചിരിയാണ് ഹൈലൈറ്റ്
ഒരുപാട് കവർ സോംഗുകൾ ചെയ്തിട്ടുണ്ട്. ചിലതൊക്കെ നല്ല അഭിപ്രായങ്ങൾ നേടിത്തരുമ്പോൾ ചിലതിന് നല്ല വിമർശനങ്ങളും കേട്ടിട്ടുണ്ട്. പുതിയ പ്രോജക്ട് ചെയ്യുമ്പോൾ പഴയതിന്റെ പ്രശ്നങ്ങളെല്ലാം ഉൾക്കൊണ്ടാണ് അടുത്തത് ചെയ്യുന്നത്. ഏറെ ഇഷ്ടത്തോടെയാണ് ഓരോ കവർസോംഗും ചെയ്യുന്നത്. അധികം കവർ വരാത്ത പാട്ടുകളാണ് ഞാൻ സെലക്ട് ചെയ്യുന്നത്. ആളുകൾക്ക് എപ്പോഴും നൊസ്റ്റാൾജിയയോട് ഒരു താത്പര്യമുണ്ടായിരിക്കും. സ്റ്റേജിലൊക്കെ പാടുമ്പോൾ പലപ്പോഴും അത് ഫീൽ ചെയ്യും. അതുകൊണ്ടാണ് അത്തരത്തിലുള്ള പാട്ടുകളെടുക്കുന്നത്. അതുപോലെ, എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന പാട്ടുകൾ മാത്രമേ എടുക്കാറുള്ളൂ. ആരും ഈ പാട്ട് കവർ ചെയ്തിട്ടില്ല. അങ്ങനെയാണ് 'കൈതപ്പൂവ്..." ചെയ്യുന്നത്. ചിരിയാണ് ഹൈലൈറ്റെന്ന് പറയുന്നവരുണ്ട്. എപ്പോഴും ചിരിക്കുന്ന ആള് തന്നെയാണ്. സന്തോഷത്തോടെയിരിക്കാനാണ് എപ്പോഴുമിഷ്ടം. ഞങ്ങളുടെ ടീം തന്നെ ചിരി ടീമാണ്. തമാശകളും ചിരിയുമൊക്കെ ഞങ്ങൾക്കിടയിലെപ്പോഴുമുണ്ട്. ക്യൂട്ട് സ്മൈൽ ആണെന്ന് കേൾക്കുന്നത് തന്നെ സന്തോഷമാണ്.

പാട്ട് മാത്രമല്ല, അഭിനയവുമുണ്ട്
'ലൂക്ക"യ്ക്ക് ശേഷം പാട്ടുകൾ പാടിയില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഒന്ന് രണ്ട് പാട്ടുകൾ വരാനുണ്ട്. അതൊക്കെ അധികം വൈകാതെ വരുമെന്ന പ്രതീക്ഷയിലാണ്. കൊവിഡ് പ്രതിസന്ധിയിൽ നീണ്ടുപോയതാണ്. പുതിയൊരു മേഖലയിലേക്ക് കൂടി ചുവടുവച്ചുവെന്നതാണ് മറ്റൊരു വിശേഷം. റോയ്, അർച്ചന 31 എന്നീ സിനിമകളിൽ ചെറിയ വേഷം ചെയ്യാൻ പറ്റി. ഒരു സുഹൃത്ത് വഴിയാണ് അഭിനയിക്കാൻ അവസരം കിട്ടുന്നത്. അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ ആദ്യം തമാശയായിട്ടാണ് കരുതിയത്. സംഭവം ഉള്ളതാണെന്ന് അറിഞ്ഞപ്പോൾ അല്പം ടെൻഷൻ തോന്നി. എന്നാലും കിട്ടിയ കഥാപാത്രത്തിന് എന്റെ സ്വഭാവവുമായി നല്ല സാമ്യമുള്ളതു കൊണ്ട് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. ഒരു പാട്ടുകാരിയായിട്ടാണ് 'റോയി"യിൽ അഭിനയിച്ചിരിക്കുന്നത്. മുഖത്തെപ്പോഴും ചിരിയുള്ളതുകൊണ്ട് മറ്റു ഇമോഷൻസൊക്കെ വലിയ പാടാണ്. സിംപിളായിട്ട് ചെയ്യാൻ പറ്റുമെന്ന് കേട്ടതുകൊണ്ടാണ് ചെയ്യാൻ സമ്മതിച്ചത്. പുതിയ ഓരോന്നും പഠിക്കാനും ഇഷ്ടമുള്ള ആളാണ്. അങ്ങനെയാണ് അഭിനയത്തിലേക്കും തിരിഞ്ഞത്.
അഭിനയം ഈസിയാണോയെന്ന് ചോദിച്ചാൽ എനിക്കത്ര ഈസിയല്ല എന്നാണ് മറുപടി. പക്ഷേ അഭിനയമാണോ പാട്ടാണോ എളുപ്പമെന്ന് ചോദിച്ചാൽ എനിക്ക് പാട്ട് തന്നെയാണ്. വർഷങ്ങളായി ഞാനതാണല്ലോ ചെയ്തു കൊണ്ടിരിക്കുന്നത്. പിന്നെ കൂടെ അഭിനയിക്കുന്നവരൊക്കെ സപ്പോർട്ട് തന്നതുകൊണ്ട് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. സിനിമയിൽ അങ്ങനെ സജീവമാകാൻ വലിയ പ്ലാനൊന്നുമില്ല. പറ്റുന്ന റോളാണെങ്കിൽ ഇനിയും ചെയ്യും. കോമഡി ചെയ്യാനും ഇഷ്ടമാണ്. നായിക റോളൊന്നും പറ്റില്ല.
സ്വയം മെച്ചപ്പെടുത്താൻ
ശ്രമിക്കാറുണ്ട്
ഞാൻ യൂട്യൂബ് തുടങ്ങുന്ന കാലത്ത് മലയാളത്തിൽ അധികം യൂട്യൂബ് ചാനലൊന്നുമുണ്ടായിരുന്നില്ല. പല ഭാഷകളിലുള്ള വെബ് സീരിസുകളും വ്ലോഗുകളും കണ്ടാണ് യൂട്യൂബിൽ ഞാൻ അഡിക്ടാകുന്നത്. സംഭവം കൊള്ളാമല്ലോയെന്ന് തോന്നിയിട്ടുണ്ട്. അന്ന് മുതലേയുള്ള ആഗ്രഹമായിരുന്നു സ്വന്തമായിട്ടുള്ള ചാനൽ. പക്ഷേ എങ്ങനെ തുടങ്ങും എന്ന കാര്യത്തിൽ കുറച്ച് ആശങ്കയുണ്ടായിരുന്നു. പിന്നെ പാട്ടുകൾ പാടി അപ്ലോഡ് ചെയ്യാൻ തുടങ്ങി, പ്രേക്ഷകരുടെ ഇഷ്ടവും അനിഷ്ടവുമൊക്കെ അറിയാൻ നല്ലൊരു മാദ്ധ്യമമാണത്. ഇതൊക്കെ എന്നെ കൊണ്ട് കഴിയുമെന്ന് ഞാനും കരുതിയതല്ല. ഓരോ സമയത്തും ഓരോ തോന്നലുകളായിരുന്നു. ഇപ്പോൾ വ്ലോഗിൽ അത്ര സജീവമല്ല. മുമ്പ് എവിടെയെങ്കിലും യാത്ര പോയാലൊക്കെ അതെല്ലാം കൃത്യമായി അവതരിപ്പിക്കുമായിരുന്നു. എനിക്കൊരു കാര്യം എൻജോയ് ചെയ്ത് മാത്രമേ അവതരിപ്പിക്കാൻ പറ്റൂ. മടി വന്നാൽ പിന്നെ പറ്റില്ല. വ്ലോഗിംഗിനോട് ഇനി അത്തരത്തിൽ ഇഷ്ടം തോന്നിയാൽ മാത്രമേ ചെയ്യൂ. സ്കിൻ കെയർ ഇഷ്ടമാണ്. അതുകൊണ്ട് ഇപ്പോൾ അത്തരം വീഡിയോകൾക്ക് കുറച്ച് ശ്രദ്ധ കൊടുക്കുന്നുണ്ട്. പിന്നെ പാട്ട് തന്നെയാണ് എന്റെ ലോകം. പാട്ടും യൂട്യൂബും എന്റെ ഇഷ്ട മേഖലകളാണ്. എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയാണ്. അതിൽ ആക്ടീവായിട്ട് നിന്നില്ലെങ്കിൽ ക്രിയേറ്റീവായിട്ടുള്ള ആളുകൾ ഔട്ട് ഡേറ്റഡ് ആയിപ്പോകുമെന്നൊരു ടെൻഷനുണ്ട്. അതൊക്കെ സ്വയം മെച്ചപ്പെടുത്താൻ മാത്രമേ നോക്കൂ. അല്ലാതെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി നോക്കാറൊന്നുമില്ല. സന്തോഷത്തിനും സമാധാനത്തിനും വലിയ പ്രാധാന്യം നൽകുന്ന ആളാണ് ഞാൻ. പൂർണമായും അതിൽ തന്നെ സമയം ചെലവഴിക്കാനും താത്പര്യമില്ല. ആങ്കറിംഗിനോടും വലിയ ഇഷ്ടമാണ്. സംസാരിക്കാൻ ഒത്തിരിയിഷ്ടമുള്ളതുകൊണ്ട് തന്നെ ആങ്കറിംഗിന് അവസരം കിട്ടിയാൽ വിട്ടു കളയില്ല.

ഓർമയിലുണ്ട് ആ കാലം
ജീവിതത്തിലെ ഏറ്റവും വലിയ എക്സ്പീരിയൻസ് ഏതെന്ന് ചോദിച്ചാൽ അത് റിയാലിറ്റി ഷോ കാലഘട്ടമാണെന്നേ ഞാൻ പറയൂ. കരിയർ മെച്ചപ്പെടുത്താൻ കഴിഞ്ഞതും ആളുകൾ തിരിച്ചറിയുന്നതുമൊക്കെ അതിലൂടെയാണ്. റിയാലിറ്റി ഷോയിൽ എത്തുന്ന സമയത്ത് ഞാനൊരു ആവറേജ് സിംഗറായിരുന്നു. പക്ഷേ അതു കഴിഞ്ഞുള്ള പത്തു വർഷം ഗായിക എന്ന നിലയിൽ വലിയ മാറ്റമുണ്ടാക്കി. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കാലത്ത് ജഡ്ജസിൽ നിന്നൊക്കെ വഴക്ക് കിട്ടിയപ്പോൾ ഒരുപാട് വേദനിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴെനിക്ക് മനസിലാകുന്നുണ്ട്, അതെല്ലാം നല്ലതിനായിരുന്നുവെന്ന്. അന്നങ്ങനെ കേട്ടതു കൊണ്ടാണ് തെറ്റുകളെല്ലാം തിരുത്തി മുന്നേറാൻ കഴിഞ്ഞത്. കാഞ്ഞിരപ്പള്ളി എന്നൊരു നാട്ടിൻപുറത്ത് നിന്നാണ് ഞാൻ വരുന്നത്. അക്കാലത്ത് ഒരു ഇംഗ്ലീഷ് പാട്ടും ഞാൻ കേട്ടിട്ടില്ല. ഹിന്ദുസ്ഥാനിയെ കുറിച്ച് കാര്യമായി അറിയില്ല. ആകെയുള്ളത് കുറച്ച് സിനിമാപ്പാട്ടുകൾ കേട്ടിട്ടുണ്ട്, കർണാടിക് സംഗീതം പഠിച്ചിട്ടുണ്ട്. അത്ര മാത്രമേയുള്ളൂ. കുറച്ചൂടെ വിശാലമായ ലോകം അറിയാൻ തുടങ്ങിയത് പിന്നീടാണ്. ഇന്നിപ്പോൾ ഏത് തരം ഓഡിയൻസിനെ കിട്ടിയാലും ഹാൻഡിൽ ചെയ്യാൻ പറ്റുമെന്ന വിശ്വാസമുണ്ട്. അതൊക്കെ റിയാലിറ്റി ഷോയിലൂടെ ലഭിച്ചതാണ്.
സ്വന്തം പാട്ടുകൾ വരുന്നുണ്ട്
സംഗീതമെപ്പോഴും സ്വതന്ത്രമായി നിലകൊള്ളണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ. എന്നുകരുതി സിനിമയിൽ വേണ്ടയെന്നല്ല. പുറത്തൊന്നും സിനിമയുമായി ബന്ധപ്പെട്ടല്ല പാട്ടുകൾ നിൽക്കുന്നത്. അത് നമ്മുടെ നാട്ടിലും വരുന്നുണ്ട്. ഇൻഡിപ്പെൻഡന്റ് മ്യൂസിക്കിന്റെ സാദ്ധ്യതകൾ ഇന്ന് ഒത്തിരിയുണ്ട്. രണ്ട് മൂന്ന് കവർ സോംഗുകൾ കൂടി കഴിഞ്ഞാൽ സ്വന്തം പാട്ട് വരികയാണ്. കവറുകൾ ചെയ്യുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചാൽ കൂടുതൽ ആളുകളിലേക്ക് എത്തുക എന്നത് തന്നെയാണ്. നമ്മുടെ അത്തരം വർക്കുകൾ ശ്രദ്ധിക്കപ്പെടുന്നത് ഇൻഡിപ്പെൻഡന്റ് മ്യൂസിക്കിലേക്കുള്ള അവസരങ്ങളും ഈസിയാക്കി തരുമെന്നാണ് കരുതുന്നത്. പഴയ പാട്ടുകൾ എപ്പോഴും ആളുകൾക്ക് പ്രിയപ്പെട്ടത് തന്നെയാകും. അധികം വൈകാതെ ഇൻഡിപ്പെൻഡന്റ് മ്യൂസിക്ക് കൂടുതലായി പ്രചാരത്തിൽ വരും. ഇപ്പോൾ തന്നെ വലിയൊരു മാറ്റം നടക്കുന്നുണ്ട്. ജനങ്ങൾ സ്വീകരിച്ച് തുടങ്ങിയെന്നതിന്റെ തെളിവാണ് പല സ്വതന്ത്രപ്പാട്ടുകളും ആളുകൾ ഏറ്റെടുത്ത് ഹിറ്റാക്കുന്നത്.
കവർസോംഗുകൾ ചെയ്യുമ്പോഴെപ്പോഴും ശ്രദ്ധിക്കുന്നത് ആ പാട്ടിനെ നശിപ്പിക്കാതിരിക്കാനാണ്. ഓരോ പാട്ടിനും ഓരോ ജീവനുണ്ട്. അത് നഷ്ടപ്പെട്ടാൽ പിന്നെ ആ പാട്ടില്ല. വിമർശനങ്ങളിൽ സെലക്ടീവാണെന്ന് പറയാം. ആരോഗ്യകരമായ വിമർശനങ്ങൾ സ്വീകരിക്കും. വിമർശനങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് സ്വീകരിക്കാനാണിഷ്ടം. ചിലപ്പോഴെല്ലാം മോശം വാക്കുകളും അശ്ലീല പദങ്ങളുമൊക്കെ ഉപയോഗിക്കുന്നവരുണ്ടാകും. അവയോടൊന്നും പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. വിമർശനങ്ങൾ വരുമ്പോൾ എന്താണ് പ്രശ്നമെന്ന് ചിന്തിച്ച് പരിഹരിക്കും. അതൊക്കെ നമ്മളെ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനാക്കാനും ക്രിയേറ്റീവ് പേഴ്സൺ ആക്കാനും സഹായിക്കത്തേയുള്ളൂ.