
''ഇത് എന്റെ മാത്രം അനുഭവമൊന്നുമല്ല നമുക്ക് ചുറ്റുമുള്ള ഒത്തിരി സ്ത്രീകളുടെ അനുഭവമാണ്. ഒരു കുഞ്ഞു ജനിക്കുമ്പോൾകൂടെ ഒരു അമ്മയും ജനിക്കുകയാണ്. പ്രസവരക്ഷ എന്ന പേരിൽ കാട്ടികൂട്ടുന്ന കുറേ കോപ്രായങ്ങൾ അല്ല അവൾക്കു വേണ്ടത്. പകരം കുഞ്ഞിന് നൽകുന്നതുപോലെ കരുതലും സ്നേഹവും ആ അമ്മയ്ക്കും നൽകണം."ഹൃദയം തൊടുന്ന ഒരനുഭവകുറിപ്പ്
മൂന്നു മാസം പ്രായമുള്ള കുഞ്ഞു കരഞ്ഞതിന് അമ്മ വെള്ളത്തിൽ മുക്കി കൊന്ന വാർത്ത വായിച്ചപ്പോൾ അറിയാതെ ഞാൻ എന്റെ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കിപ്പോയി. മൂന്നു വയസുകാരനും ആറുമാസക്കാരനും ഒന്നും അറിയാതെ എന്നെ നോക്കി പുഞ്ചിരിച്ചു അപ്പോൾ. എന്റെ കുഞ്ഞുങ്ങളുടെ ഭാഗ്യം കൊണ്ടോ എപ്പോഴൊക്കെയോ നേടിയെടുത്ത മനസിന്റെ ബലം കൊണ്ടോ ഒക്കെ അങ്ങനെയൊരു അവസ്ഥയിൽ നിന്നും ഓടി രക്ഷപ്പെട്ട ഞാനും എന്റെ കുഞ്ഞുങ്ങളും.....
'പോസ്റ്റ് പാർട്ടം ഡിപ്രെഷൻ" അങ്ങനെയൊരു വാക്കുപോലും ഞാൻ എന്റെ ആദ്യ പ്രസവ സമയത്ത് കേട്ടിട്ടില്ല. അമ്മയാകാൻ വേണ്ട പ്രായവും പക്വതയും ഒക്കെ കൈവന്ന എന്റെ 28ാം വയസിൽ ആശിച്ചു ആഗ്രഹിച്ചുണ്ടായത് തന്നെയാണ് മൂത്ത മോൻ. ഗർഭകാലത്തിന്റെ തുടക്കത്തിൽ ഉണ്ടായ അതിശക്തമായ ഛർദിൽ ഒരു മാസത്തോളം നീണ്ട ആശുപത്രി വാസത്തിൽ എന്നെക്കൊണ്ട് എത്തിച്ചു. 16 ദിവസം തുടർച്ചയായി ഒരു തുള്ളിവെള്ളം തൊണ്ടയിൽ നിന്ന് ഇറക്കാനാകാതെ ഡ്രിപ്പിന്റെ മാത്രം ബലത്തിൽ പിടിച്ചു നിന്ന നാളുകൾ. ഭക്ഷണം ഒന്നും കിട്ടാതെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് എന്തേലും പറ്റുമോ എന്നോർത്തു പേടിച്ചു പ്രാർത്ഥനയോടെ കഴിഞ്ഞ നാളുകൾ. മൂന്നു മാസം കഴിഞ്ഞ് ഛർദിൽ മാറിയതോടെ പ്രതീക്ഷയോടെ കുഞ്ഞിന്റെ വരവിനായി കാത്തിരുന്ന നാളുകൾ. ഒടുവിൽ ഡേറ്റ് എത്തി ലേബർ റൂമിൽ കേറിയപ്പോളും മനസ് നിറയെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷകൾ തന്നെയായിരുന്നു. ഏകദേശം 12 മണിക്കൂറോളം നീണ്ടുനിന്ന പ്രസവവേദനയ്ക്കിടയിലും വേദന കുറയ്ക്കാൻ ഇൻജെക്ഷൻ തരാമെന്ന് പറഞ്ഞ ഡോക്ടറോട് വേണ്ട മേഡം ഞാൻ വേദന സഹിച്ചോളാം എന്ന് മാസ് ഡയലോഗ് അടിച്ച് കുഞ്ഞിനെ കാത്തുകിടന്ന ഞാൻ.... കുഞ്ഞിച്ചെക്കൻ പുറത്തെത്തിയപ്പോളും ലോകം കീഴടക്കിയ സന്തോഷമായിരുന്നു മനസ്സുനിറയെ. കുഞ്ഞിനെ കുളിപ്പിച്ച് മുലപ്പാലുകൊടുക്കാനായി സിസ്റ്റർ കൊണ്ടുതന്നപ്പോൾ അയ്യോ ഈ കുഞ്ഞിച്ചെക്കനെ എങ്ങനെ മുലകുടിക്കാൻ പഠിപ്പിക്കുമെന്നോർത്ത് ടെൻഷൻ ആയ എന്നെ വണ്ടർ അടിപ്പിച്ചുകൊണ്ട് കുഞ്ഞിചെക്കൻ മുലവലിച്ചു കുടിച്ചപ്പോൾ വീണ്ടുമൊരു യുദ്ധം ജയിച്ച സന്തോഷമായിരുന്നു എനിക്ക്. ഇനിയൊന്നും പേടിക്കാനില്ലെന്ന തോന്നൽ. എന്നാൽ ലേബർ റൂമിൽ നിന്ന് റൂമിൽ എത്തിയപ്പോൾ കഥയാകെ മാറുക ആയിരുന്നു.
ലേബർ റൂമിൽ വച്ച് ആർത്തിയോടെ മുലക്കുടിച്ചവൻ റൂമിലെത്തിയപ്പോൾ ഈ സാധനം എങ്ങനാ കുടിക്കേണ്ടത് എന്ന ഭാവത്തിൽ എന്നെ നോക്കി കരയാൻ ആരംഭിച്ചു.
''അവൾക്കു പാലൊന്നുമില്ലെന്ന തോന്നണേ.""
എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുപോയ എന്നെ നോക്കി അമ്മയും വലിയമ്മയും അങ്ങ് പ്രഖ്യാപിച്ചു.
''ആ സിസ്റ്ററോട് പറഞ്ഞു വല്ലപൊടിയും കലക്കി കൊടുക്കാം നമുക്ക്.""
ഓരോ പ്രാവശ്യവും എങ്ങനേലും മുലപ്പാൽ കൊടുക്കാൻ ശ്രമിക്കുമ്പോൾ അമ്മയുടെയും വലിയമ്മയുടെയും അടക്കം പറച്ചിൽ എനിക്ക് നൽകിയ വേദന എത്രത്തോളം ഉണ്ടെന്ന് എനിക്കേ അറിയൂ. അവിടെ തുടങ്ങുവായിരുന്നു എന്റെ പോസ്റ്റ് പർട്ടം ഡിപ്രെഷൻ. പിന്നീട് അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. കുഞ്ഞിന്റെ കരച്ചിലും ഉറക്കമില്ലായ്മയും നമുക്ക് ഉള്ള ആത്മവിശ്വാസം കൂടി കളയാനായിട്ട് വരുന്ന കുറേ ബന്ധുക്കളുടേം നാട്ടുകാരുടേം അഭിപ്രായ പ്രകടനങ്ങളും (തള്ളയ്ക്ക് പാലില്ലെന്ന് തോന്നണു കൊച്ചിരിക്കണ കണ്ടില്ലേ മെലിഞ്ഞിട്ട് (പിന്നേ ജെഴ്സി പശു അല്ലേ അവരെയൊക്കെ ബോധിപ്പിച്ചു പാലുചുരത്താൻ ) ഞാനൊക്കെ പണ്ട് പെറ്റുകിടന്നപ്പോൾ അങ്ങനാരുന്നു ഇങ്ങനാരുന്നു, ഇപ്പഴത്തെ തള്ളമാർക്ക് ഒന്നും അറിയില്ല ഇത്യാദി ഡയലോഗ്സ് )എല്ലാം കൂടി എന്നെ ആകെ തളർത്തി. അതിന്റെ കൂടെ ഹോർമോൺ ചേഞ്ച് കൂടി ആയപ്പോൾ എല്ലാം തികഞ്ഞു. എനിക്ക് എല്ലാത്തിനോടും വെറുപ്പായി. ഉറക്കമില്ലായ്മ, എല്ലാത്തിനോടും ദേഷ്യം, വെറുതെ ഇരുന്ന് കരയുക, ഭർത്താവിനോട് ആവശ്യമില്ലാതെ വഴക്കുണ്ടാക്കുക, കുഞ്ഞിനെപോലും മനസുനിറഞ്ഞു സ്നേഹിക്കാൻ കഴിയാത്ത അവസ്ഥ. ചിലപ്പോഴൊക്കെ മരിച്ചുകളയാൻ വരെ തോന്നിയിട്ടുണ്ട്. അപ്പോഴൊന്നും ആരും എന്നെയോ എന്റെ അവസ്ഥയോ മനസിലാക്കാൻ ശ്രമിച്ചിരുന്നില്ല.
''ലോകത്ത് ആദ്യമായി പ്രസവിച്ച പെണ്ണൊന്നുമല്ല നീ...""
''എല്ലാരും ഇങ്ങനൊക്കെ കഷ്ടപ്പെട്ടാ കുഞ്ഞുങ്ങളെ വളർത്തണത്.""
''നിനക്ക് പ്രത്യേകത ഒന്നും ഇല്ലല്ലോ. എല്ലാ പെണ്ണുങ്ങളേം പോലെ തന്ന നീയും.""
''വെറുതെ കിടന്ന് വാഴക്കുണ്ടാക്കി സ്വസ്ഥത കളയും.""
ഇത്യാദി ഡയലോഗുകൾ കൊണ്ട് എല്ലാരും എന്നെ തോൽപ്പിച്ചുകൊണ്ടിരുന്നു . പിന്നെ പിന്നേ എപ്പോഴോ ഞാൻ സ്വയം സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും എന്നെയും കുഞ്ഞിനേയും സ്നേഹിക്കാനും തുടങ്ങി. പിന്നീട് എവിടെയൊക്കെയോ വായിച്ചറിഞ്ഞു ഞാൻ കടന്നുപോയത് പോസ്റ്റ് പാർട്ടം ഡിപ്രെഷനിലൂടെ ആയിരുന്നെന്ന്.
അതുകൊണ്ടുതന്നെ രണ്ടാമത്തെ മോനെ പ്രസവിച്ചു കഴിഞ്ഞപ്പോൾ തന്നെ എന്നിലെ മാറ്റങ്ങൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു. സ്വയം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുമ്പോഴും മനസ് കൈവിട്ടുപോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഒറ്റയ്ക്കിരുന്ന് കരയാനും എല്ലാരോടും ദേഷ്യം തോന്നാനും ഒക്കെ തുടങ്ങി. കുഞ്ഞുങ്ങളോടുപോലും ദേഷ്യപ്പെടാൻ തുടങ്ങി. ഭർത്താവിനെ കാണുന്നതുപോലും ഇഷ്ടമല്ലാതായി, ഒന്നു പറഞ്ഞു അടുത്തതിന് വഴക്കായി കരച്ചിലായി. ഒടുവിൽ ഭർത്താവിന്റെ കുടുംബക്കാർ കാണാൻ വന്നപ്പോൾ ഞാൻ മിണ്ടാതെ മുഖം വീർപ്പിച്ചു ഇരുന്നെന്നുപറഞ്ഞ് പ്രശ്നമായപ്പോൾ ഞാൻ എന്റെ അവസ്ഥ വീട്ടുകാരോട് തുറന്നുപറഞ്ഞു. ഇതൊരു രോഗാവസ്ഥയാണെന്നും എനിക്ക് ഡോക്ടറെ കാണണമെന്നും പറഞ്ഞു ഞാൻ അലറി കരഞ്ഞത് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും എന്നോട് സഹതാപം തോന്നുന്നുണ്ട്. അന്ന് അവരെല്ലാരും കൂടി എന്നെ കുറേ ഉപദേശിച്ചു ഞാൻ വേണ്ടാത്ത ഓരോന്ന് വായിച്ചു വച്ചിട്ടാണ് ഇങ്ങനൊക്കെ പറയുന്നത്, അല്ലാതെ എനിക്ക് ഒരു കുഴപ്പോം ഇല്ല, എന്റമ്മേം അമ്മായി അമ്മയും ഒക്കെ പ്രസവിച്ച പോലല്ലേ ഞാനും പ്രസവിച്ചത്, അവർക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാ എനിക്കുള്ളത്, അങ്ങനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയാൽ നാട്ടുകാരെന്ത് പറയും, ചുമ്മാ വെറുതെ ഓരോ അഭിനയം കാണിക്കാതെ പിള്ളാരേം നോക്കി ജീവിക്കാൻ നോക്ക് അങ്ങനെ കുറേ....കൂടെ നിന്ന് അശ്വസിപ്പിക്കേണ്ട വീട്ടുകാരിൽ നിന്നും കിട്ടിയ മറുപടി ആണ് ഇത്. എന്റെ മനസിന്റെ ബലം കൊണ്ടോ എന്റെ കുഞ്ഞുങ്ങടെ ഭാഗ്യം കൊണ്ടോ എന്തോ കുറച്ചു കാലം കൊണ്ട് രണ്ടാമത്തെ വട്ടവും എനിക്ക് ആ അവസ്ഥ തരണം ചെയ്യാൻ കഴിഞ്ഞു. അല്ലെങ്കിലൊരുപക്ഷേ ഞാനും എന്റെ കുഞ്ഞുങ്ങളും ഇതുപോലൊരു പത്രവാർത്ത ആയേനെ!
ഇത് എന്റെ മാത്രം അനുഭവമൊന്നുമല്ല നമുക്ക് ചുറ്റുമുള്ള ഒത്തിരി സ്ത്രീകളുടെ അനുഭവമാണ്. പലരും ഈ ഒരു അവസ്ഥ തിരിച്ചറിയാറില്ല. എനിക്ക് നമ്മുടെ സമൂഹത്തോട് പറയാനുള്ളത് ഒന്നു മാത്രമാണ് ഒരു കുഞ്ഞു ജനിക്കുമ്പോൾ കൂടെ ഒരു അമ്മയും ജനിക്കുകയാണ്. പ്രസവരക്ഷ എന്ന പേരിൽ കാട്ടികൂട്ടുന്ന കുറേ കോപ്രായങ്ങൾ അല്ല അവൾക്കു വേണ്ടത് പകരം കുഞ്ഞിന് നൽകുന്നതുപോലെ കരുതലും സ്നേഹവും ആ അമ്മയ്ക്കും നൽകണം. ഹൃദയം കൊണ്ട് അവളെ ചേർത്തു പിടിക്കണം ഓരോരുത്തരും. എങ്കിൽ മാത്രമേ ഇത്തരം വാർത്തകളിൽ നിന്നും നമുക്കൊരു മോചനം കിട്ടൂ.