
തിരുവനന്തപുരം: സിപിഎമ്മും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിൽ ധാരണയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ആർഎസ്‌എസ് നേതാവ് ആർ. ബാലശങ്കർ. വസ്‌തുതയല്ലാത്ത ഒരുകാര്യവും പറഞ്ഞിട്ടില്ല. സ്ഥാനമാനങ്ങൾ ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ല. സീറ്റ് കിട്ടാത്തതിന്റെ അതൃപ്‌തിയാണെന്ന ആരോപണം തളളി ബാലശങ്കർ പറഞ്ഞു.
തനിക്ക് പതിറ്റാണ്ടുകളായുളള പ്രവർത്തന ചരിത്രമുണ്ട്. കേന്ദ്രത്തിലെ വലിയ പദവികളോ കേന്ദ്രമന്ത്രി തന്നെയോ ആകാമായിരുന്നു. എന്നാൽ അതൊന്നും വേണ്ടെന്ന് വച്ച് പ്രവർത്തിച്ചത് അധികാര മോഹം ഇല്ലാത്തതുകൊണ്ടാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തന്റെ ഫോൺ നിലത്ത് വയ്‌ക്കാൻ കഴിയാത്ത തരത്തിൽ സംസ്ഥാനത്ത് പലയിടത്ത് നിന്നും ഫോൺവിളികൾ എത്തുന്നുണ്ട്. സാധാരണക്കാരായ പ്രവർത്തകരുടെ വികാരവും അതാണ്. ചെങ്ങന്നൂരിൽ വിജയസാദ്ധ്യതയുണ്ടായിരുന്ന തന്നെ നീക്കി സിപിഎം-ബിജെപി ഡീലല്ലാതെ മറ്റെന്താണെന്നായിരുന്നു ബാലശങ്കറിന്റെ ചോദ്യം.
അതേസമയം ബാലശങ്കറിന്റെ ആരോപണത്തെ ചെങ്ങന്നൂരിലെ ഇടത്-ബിജെപി സ്ഥാനാർത്ഥികൾ തളളിക്കളഞ്ഞിരുന്നു. കോന്നി, ചെങ്ങന്നൂർ, ആറന്മുള മണ്ഡലങ്ങൾ സിപിഎം സിറ്റിംഗ് സീറ്റാണെന്നും അവിടെ ബിജെപിയുമായി എന്തിന് സിപിഎം ഡീലുണ്ടാക്കണമെന്നും സിപിഎം സ്ഥാനാർത്ഥിയും ചെങ്ങന്നൂർ എം.എൽ.എയുമായ സജി ചെറിയാൻ അഭിപ്രായപ്പെട്ടു.