
തല മൊട്ടയടിക്കുന്നത് കാശിക്കു പോകാനാണെന്നാണ് ചൊല്ല്. കാശിക്കോ പളനിക്കോ പോകാനല്ല വളയാറിലെ അമ്മയും ലതിക സുഭാഷും തല മുണ്ഡനം ചെയ്തത്. രാഷ്ട്രീയത്തിലുള്ള തന്റെയും സഹപ്രവർത്തകരുടെയും സ്ഥാനവും മാനവും ഉറപ്പിക്കാനുള്ള യത്നത്തിന്റെ ഭാഗമായാണ് ലതിക സുഭാഷ് പരസ്യമായി തല മുണ്ഡനം ചെയ്തത്. വാളയാറിലെ അമ്മ രാഷ്ട്രീയ പ്രവർത്തകയല്ല, അവർ നീതിക്കുവേണ്ടി രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുകയായിരുന്നു. ഇരയാക്കപ്പെടുന്നവരുടെ നിലവിളിയേക്കാൾ വേട്ടയാടുന്നവരുടെ ശൗര്യം അധികാര സ്ഥാനങ്ങൾ കീഴടക്കുന്നതും ചരിത്രം. അതിനെതിരെയുള്ള പ്രതിരോധമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വ്യാളിമുഖത്തു വന്നുനിൽക്കുകയാണ് അഞ്ചു വനിതകൾ.
ഒന്ന് - പൊട്ടിക്കരഞ്ഞ് സ്വന്തം സീറ്റ് ഉറപ്പിച്ച മഹിളാകോൺഗ്രസ് മുൻ പ്രസിഡന്റും കൊല്ലം ഡി.സി.സി പ്രസിഡന്റുമായ ബിന്ദുകൃഷ്ണ. രണ്ട് - തള്ളിമാറ്റലിന്റെ ഞെരുക്കത്തിലും പൊട്ടിക്കരയാതെ കഴക്കൂട്ടത്ത് പോരാടാനെത്തിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. മൂന്ന് - സീറ്റ് നിഷേധത്തിലും സ്ത്രീകളോടുള്ള അവഗണനയിലും പ്രതിഷേധിച്ച് കെ.പി.സി.സി ആസ്ഥാനത്തുചെന്ന് തല മുണ്ഡനം ചെയ്ത ലതിക സുഭാഷ്. നാല് - ഭർത്താവിനെ ഇഞ്ചിഞ്ചായി വെട്ടിക്കൊന്നവരോടുള്ള വെറുപ്പും പ്രതിരോധവുമായി നിലയുറപ്പിച്ച കെ.കെ. രമ. മക്കൾക്ക് നീതികിട്ടാത്തതിൽ പ്രതിഷേധിച്ച് നേരത്തെ തല മുണ്ഡനം ചെയ്ത് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ തീരുമാനിച്ച വാളയാർ പെൺകുട്ടികളുടെ അമ്മയാണ് അഞ്ചാമത്തെ മുഖം.
സ്ത്രീകളുടെ അഴകാഭരണമായ തലമുടി മാത്രമല്ല മുഖവും നഷ്ടപ്പെട്ടാണ് വാളയാറിലെ അമ്മ നീതിനിഷേധത്തിനെതിരെ മത്സരരംഗത്തെത്തുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടം എന്ന നിലയിലാണ് അവർ ധർമ്മടത്ത് മത്സരിക്കുന്നത്. നരാധമന്മാരുടെ പീഡനത്തിനിരയായി മരിച്ച രണ്ട് പിഞ്ചോമനകളുടെ വേദന കനലൊടുങ്ങാത്ത നെരിപ്പോടായി ആ അമ്മയുടെ ഉള്ളിൽ നീറുകയാണ്. ''എന്തുകൊണ്ടാണ് എന്റെ മക്കൾക്കു നീതി നൽകാത്തതെന്ന് മുഖ്യമന്ത്രിയോട് മുഖാമുഖം നിന്ന് ചോദിക്കാനാണ് '' ധർമ്മടത്ത് മത്സരിക്കുന്നതെന്ന് ഈ അമ്മ പറയുന്നു. 13 ഉം ഒൻപതും വയസുണ്ടായിരുന്ന പെൺകുട്ടികളാണ് 2017ൽ മൂന്നു മാസത്തെ ഇടവേളയിൽ വാളയാർ അട്ടപ്പള്ളത്ത് ജീവനൊടുക്കിയത്. തെളിവില്ലെന്നു പറഞ്ഞ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പാലക്കാട് പോക്സോ കോടതിവിധി ഹൈക്കോടതി റദ്ദാക്കി. കേസ് സി.ബി.ഐയ്ക്കു വിട്ടിരിക്കുകയാണ്. പ്രതികളെയും അവരെ രക്ഷിച്ച പൊലീസുകാരടക്കമുള്ളവരെയും ശിക്ഷിക്കണമെന്ന യാചനയുമായി തല മുണ്ഡനം ചെയ്ത് നീതിയാത്ര നടത്തുന്ന ഈ മാതാവ് പ്രതികൾക്കും കൂട്ടാളികൾക്കും ശിക്ഷ ഉറപ്പാക്കാത്തതിലുള്ള പ്രതിഷേധാഗ്നിയുമായാണ് ധർമ്മടത്ത് മത്സരിക്കുന്നത്. മക്കളെ പീഡിപ്പിച്ചു കൊലയ്ക്കു കൊടുത്ത പ്രതികളെ കേസ് അട്ടിമറിച്ച് രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർ തൊപ്പി നഷ്ടപ്പെട്ട് ഒരു ദിവസമെങ്കിലും നിൽക്കുന്നത് കാണണം ഈ പെറ്റമ്മയ്ക്ക്.
ഭർത്താവിന്റെ ദേഹത്തേറ്റ 51 വെട്ടുകളുടെ ഉണങ്ങാത്ത മുറിവുകളും പേറിയാണ് കെ.കെ.രമ പോരാടുന്നത്. രക്തസാക്ഷിയായ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് മത്സരത്തിനിറങ്ങിയത്.
പൊതുരംഗത്തിറങ്ങുന്ന വനിതകളുടെ ഉള്ളിൽ ഒരു ബലിമൃഗത്തിന്റെ മുഖം കൂടി ഉണ്ടാവും. അതാണ് ചരിത്രം. അതിനെ അതിജീവിക്കുന്നവരുമുണ്ട്. ഇന്ത്യയിലെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധി മുതൽ കെ.ആർ.ഗൗരിയമ്മ വരെയുള്ളവരിൽ നാം അതാണ് കണ്ടത്. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷും അതിജീവനത്തിന്റെ മനസാണ് തുറന്നുവച്ചത്. ഇന്നത്തെ നിലയിൽ അവർക്ക് ബി.ജെ.പിയുടെയോ ഇടതു മുന്നണിയുടെയോ പിന്തുണയോടെ, മത്സരിക്കാൻ അധികം പ്രയാസമുണ്ടാകില്ല. അതിനൊരുമ്പെടാതെ സ്വാതന്ത്രയായാണ് സ്വന്തം നാട്ടിൽ പോരിനിറങ്ങുന്നത്. മുഖം മാത്രമല്ല, ശിരസും അവർ തുറന്നുവച്ചു. കണ്ണീരിൽ കുതിർന്ന ആ കാഴ്ചയ്‌ക്ക് അതിജീവനത്തിന്റെ സൗന്ദര്യം ഉണ്ടായിരുന്നുവോ എന്ന് വിലയിരുത്തേണ്ടത് വിധിയെഴുതാൻ അവകാശമുള്ള ജനങ്ങളാണ്. 'എന്റെ മുഖം ഇനി മറയ്ക്കരുത് ' എന്നു പറഞ്ഞു കൊണ്ടാണ് വളയാറിലെ അമ്മ രംഗത്തെത്തിയത്. ഇതുപോലെ കരയുന്ന എല്ലാ അമ്മമാർക്കും വേണ്ടിയാണ് മുഖം മറയ്ക്കാതെ വയ്ക്കുന്നതെന്ന് അവർ ഓർമ്മപ്പെടുത്തി. പല അമ്മമാരും വീട്ടിലിരുന്നു കരയുമ്പോൾ താൻ തെരുവിൽ കരയുന്നു. തലയിൽ മുണ്ടിടേണ്ടതും മുഖം മറയ്ക്കേണ്ടതും താനല്ല, തെറ്റ് ചെയ്തവരാണ് എന്നും വാളയാറിലെ അമ്മ പറഞ്ഞു. വാളയാർ കേസിലെ സർക്കാർ നിലപാടിൽ യാതൊരു മനസാക്ഷിക്കുത്തും ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വളയാറിലെ അമ്മയുടെ വികാരത്തിനൊപ്പമാണ് സർക്കാർ നിന്നതെന്നും അവരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായം ഇരുമ്പുലക്കയല്ലാത്തതിനാൽ ആർക്കും എന്തും പറയാം.
ഇവിടെ ഒരു ചോദ്യംകൂടി ഉയർന്നേക്കാം. അതിജീവനത്തിനും അർഹമായ ഇടങ്ങൾ നേടിയെടുക്കുന്നതിനും എല്ലാ വനിതകൾക്കും തല മുണ്ഡനം ചെയ്യേണ്ടി വരുമോ? പദ്മജ വേണുഗോപാലിനു സീറ്റുറപ്പിക്കാൻ തല കുനിക്കുകയോ മുണ്ഡനം ചെയ്യുകയോ വേണ്ടി വന്നില്ല. അത് പശ്ചാത്തലവുമായി ബന്ധപ്പെട്ട വഴിയാണ്. അതെന്തായാലും ഇരയാക്കപ്പെടുന്ന പെണ്ണിന്റെ ജീവൻ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഈ വനിതകളുടെ രംഗപ്രവേശം കാണാനാണ് ഇവിടെ ശ്രമിക്കുന്നത്. പുരുഷ മേധാവിത്വത്തിന്റെ ചാട്ടുളി എല്ലാ കൗശലങ്ങളോടും കൂടി വിളയാടുന്നത് രാഷ്ട്രീയത്തിലാണ്. ബിന്ദുകൃഷ്ണയ്ക്ക് പൊട്ടിക്കരയേണ്ടി വന്നതും ശോഭന ജോർജിന് മറുകണ്ടം ചാടേണ്ടി വന്നതും ഈ പരിതോവസ്ഥയിൽ വായിക്കാവുന്നതാണ്.
ലതിക സുഭാഷിന്റെ പ്രതികരണം പക്വതയുള്ള രാഷ്ട്രീയ നേതാവിന്റേതായിരുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ആ അദ്ധ്യായം അടഞ്ഞു എന്നാണ്. ദശാബ്ദങ്ങളായി കോൺഗ്രസിനു വേണ്ടി വിറക് വെട്ടുകയും വെള്ളം കോരുകയും ചെയ്ത ലതിക സുഭാഷിന്റെ കണ്ണുനീരിന്റെ ആഴം ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും ഉമ്മൻ ചാണ്ടിക്കുമൊന്നും തിരിയാതെ പോയത് എന്തുകൊണ്ടാവാം? മനുഷ്യത്വം, സാഹോദര്യം, സമത്വം, കാരുണ്യം തുടങ്ങിയ മനുഷ്യ വികാരങ്ങളൊന്നും വേരോടാത്ത ഇടമാണോ രാഷ്ട്രീയം? സ്ഥാനാർത്ഥിയാവാനും അധികാരക്കസേര ഉറപ്പിക്കാനും വേണ്ടി ആൺ-പെൺ ഭേദമോ പ്രായഭേദമോ ഇല്ലാതെ എന്തും ചെയ്യാൻ തുനിയുന്നവരുടെ വെള്ളരിക്കാപട്ടണമായി കേരള രാഷ്ട്രീയം മാറിയതിന്റെ വ്യക്തമായ തെളിവുകളാണ് ദൃശ്യമാകുന്നത്. ജനങ്ങളുടെ ആകെ കഴുത്തിനു കുത്തിപ്പിടിച്ച് ജനാധിപത്യത്തിന്റെ തല മുണ്ഡനം ചെയ്യപ്പെടുകയാണ്. ഇനിയുള്ള കാഴ്ചകൾ മേയ് രണ്ടിനു ശേഷം ദർശിക്കാം. അതുവരെ നമ്മുടെ വിധി മനസമ്മതം അടക്കംചെയ്ത പെട്ടിയിൽ ഉറങ്ങട്ടെ.