bjp

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എൻ ഡി എയ്ക്കൊപ്പം നിൽക്കുമെന്ന് ശോഭാ സുരേന്ദ്രൻ. വിശ്വാസികൾ വിജയിക്കുക എന്നതാണ് പ്രധാനം. കഴക്കൂട്ടത്ത് വിജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപളളിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായി ബി ജെ പി ദേശീയ നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ശോഭയുടെ പ്രതികരണം.

ശബരിമല അയ്യപ്പന്റെ ആചാരത്തെ തകർക്കാൻ നേതൃത്വം നൽകിയ മന്ത്രിയെ പരാജയപ്പെടുത്തുക എന്ന ദൗത്യമാണ് തനിക്ക് വന്നുചേർന്നിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. കേരളത്തിലെ വിശ്വാസസമൂഹത്തിന്റെ വികാരം ഉൾക്കൊണ്ടാണ് കഴക്കൂട്ടത്ത് താൻ മത്സരിക്കുന്നത്. മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനും, അഴിമതി രഹിത ക്ഷേമപ്രവർത്തനങ്ങൾക്കും, അക്രമരഹിത രാഷ്ട്രീയത്തിനും, വിശ്വാസ സംരക്ഷണത്തിനുമാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്നേഹിതരെ,

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടാൻ ഭാരതീയ ജനതാ പാർട്ടി നിയോഗിച്ച വിവരം ഇതിനോടകം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും നിന്ദ്യമായ രീതിയിൽ വിശ്വാസ സമൂഹത്തെ ഉപദ്രവിച്ച, ശബരിമല അയ്യപ്പൻറെ ആചാരത്തെ തകർക്കാൻ നേതൃത്വം നൽകിയ മന്ത്രിയെ പരാജയപ്പെടുത്തുക എന്ന ദൗത്യമാണ് എനിക്ക് വന്നുചേർന്നിരിക്കുന്നത്. കേരളത്തിലെ വിശ്വാസസമൂഹത്തിന്റെ വികാരം ഉൾക്കൊണ്ടാണ് കഴക്കൂട്ടത്ത് ഞാൻ മത്സരിക്കുന്നത്.

കഴക്കൂട്ടം മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനും, അഴിമതി രഹിത ക്ഷേമപ്രവർത്തനങ്ങൾക്കും, അക്രമരഹിത രാഷ്ട്രീയത്തിനും, വിശ്വാസ സംരക്ഷണത്തിനും നിങ്ങളുടെ ഒരു കുടുംബാംഗത്തെ പോലെ നിങ്ങളോടൊപ്പം പ്രവർത്തിക്കുമെന്ന് ഞാൻ വാക്കു തരുന്നു. ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകാൻ ജനാധിപത്യ വിശ്വാസികളെ മുഴുവനും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ട് സ്വന്തം ശോഭാ സുരേന്ദ്രൻ

സ്നേഹിതരെ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ...

Posted by Sobha Surendran on Tuesday, March 16, 2021