
''നിങ്ങൾ സിനിമയിൽ വില്ലനായി വേഷപ്പകർച്ച നടത്തിയെങ്കിലും നിങ്ങൾ ഒരിക്കലും ജീവിതത്തിൽ വില്ലനല്ല. ഞാൻ കണ്ടതിൽ ഏറ്റവും മഹത്തായ പച്ചയായ മനുഷ്യനാണ് നിങ്ങൾ.റോക്ക് ...നിങ്ങൾ റിയൽ സൂപ്പർ ഹീറോയാണ്.""ജെയിംസ് ബോണ്ട് സിനിമയിൽ ആദ്യത്തെ കറുത്ത വർഗക്കാരനായ വില്ലനായി പ്രേക്ഷക ഹൃദയം കീഴടക്കിയ യാഫറ്റ് കൊറ്റോയുടെ വിടവാങ്ങലിൽ പ്രിയപാതി ടെസ്സി സിനാഹോൻ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസം ഫിലിപ്പൈൻസിലായിരുന്നു അന്ത്യം.ലോക സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജെയിംസ്ബോണ്ടിനെതിരെ കരുക്കൾ നീക്കിയ ആ കറുത്ത വർഗക്കാരൻ വില്ലൻ ലോക സിനിമയിലെ തന്നെ ആദ്യത്തെ കറുത്ത വർഗക്കാരൻ വില്ലനായി മാറുകയായിരുന്നു. അതൊരു ചരിത്രമായി മാറി.
1930 ൽ ന്യൂയോർക്ക് സിറ്റിയിൽ ഗ്ലാഡി മരിയയുടെയും അവർഹാം കൊറ്റോയുടെയും ആറു മക്കളിൽ ഒരാളായി ജനിച്ച ഫ്രഡറിക്ക് സാമുവൽ കൊറ്റോ ലോക സിനിമയുടെ നെറുകയിൽ എത്തിയ യാഫറ്റ് കൊറ്റോയിലേക്കുള്ള യാത്ര സിനിമപോലെ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു.കുഞ്ഞു നാൾ തൊട്ട് കൊറ്റിന് സിനിമ പ്രിയപ്പെട്ട വിനോദമായിരുന്നു. എന്നാൽ താനൊരു നടനാകുമെന്നോന്നും കൊറ്റോ സ്വപ്നത്തിൽപോലും കണ്ടില്ല.തന്റെ നിറത്തിലുള്ളവരെകുഞ്ഞു കൊറ്റോ സിനിമ സ്ക്രീനിൽ തെളിയുമ്പോൾ തിരഞ്ഞിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ തനിക്കെന്തോ ശക്തിയുണ്ടെന്നും തനിക്ക് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്താൻ കഴിയുമെന്ന് ആ കുഞ്ഞു വളരുന്തോറും മനസ്സിൽ ഉറപ്പിച്ചു. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ കൂട്ടുകാരും ബന്ധുക്കളും കളിയാക്കിയപ്പോഴും അഭിനയിക്കണമെന്ന നിശ്ചയദാർഢ്യത്തിൽ അവൻ ഉറച്ചുനിന്നു. തന്റെ പതിനാറാം വയസിൽ കൊറ്റോ അഭിനയം പഠിക്കാനായി മൊബൈൽ തിയേറ്റർ സ്റ്റുഡിയോയിൽചേർന്നു . പത്തൊമ്പതാം വയസിൽ അവൻ ഒഥല്ലോയിൽ അഭിനയിച്ചുകൊണ്ട് അഭിനയത്തെ പ്രൊഫഷണലായി കണ്ടു.
തന്റെ അഭിനയ ജീവിതത്തിൽ കൂടുതൽ വർണങ്ങൾ വന്നു തുടങ്ങി. ഇരുപത്തിമൂന്നാം വയസിൽ 4 ഫോർ ടാക്സസ് എന്ന സിനിമയിലൂടെ അദ്ദേഹം കാമറയ്ക്ക് മുന്നിലെത്തി. ശ്രദ്ധിക്കപെടാത്ത കഥാപാത്രമാണെങ്കിലും കൂടുതൽ അവസരങ്ങൾക്ക്വേണ്ടി അദ്ദേഹം കാത്തിരുന്നു. മൈക്കിൾ റോമിയോറിന്റെ നത്തിംഗ് ബട്ട് എ മാൻ എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായി അദ്ദേഹം എത്തി. ഏലിയൻ എന്ന ചിത്രത്തിലെ ഡെന്നിസ് പാർക്കർ എന്ന എൻജിനീയറുടെവേഷം അദ്ദേഹം അവിസ്മരണിയമാക്കിയിട്ടുണ്ട്. ലിവ് ആൻഡ് ലൈറ്റ് ഡൈ യിൽ ജെയിംസ്ബോണ്ടിന്റെ വില്ലനായപ്പോൾഹോളിവുഡിൽ കൊറ്റോ അറിയപ്പെടുന്ന നടനായി മാറി. കൂടാതെ ഒട്ടേറെ ടെലി സീരീസുകളിലും കൊറ്റോ അഭിനയിച്ചു. 'ഹോമിസൈഡ്: ലൈഫ് ഓൺ ദ് സ്ട്രീറ്റ് " എന്ന ജനപ്രിയ പരമ്പരയിൽ കൊറ്റോ അഭിനയിച്ചത് അദ്ദേഹത്തിന് കൂടുതൽ ആരാധകരുണ്ടാവാൻ കാരണമാക്കി. റെയ്ഡ് ഓൺ എന്റബിയിൽ ഏകാധിപതി ഇദി ആമിനായുംവേഷമിട്ടത് അദ്ദേഹത്തെ പ്രശസ്തിയിൽ എത്തിച്ചു.