
വാഷിംഗ്ടൺ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും ഭാര്യ മേഗൻ മാർക്കിളും ടെലിവിഷൻ അവതാരക ഓപ്ര വിൻഫ്രിയ്ക്ക് നൽകിയ അഭിമുഖമുണ്ടാക്കിയ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പേ ക്രൗഡ് ഫണ്ടിംഗിംലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇരുവരും. ദമ്പതികളെ സാമ്പത്തികമായി സഹായിക്കാൻ അനസ്തേഷ്യ ഹാൻസൺ എന്ന യുവതി ഗോ ഫണ്ട്മി ഫോറത്തിൽ ഒരു പേജ് ആരംഭിച്ചിരുന്നു. ദമ്പതികളുടെ കാലിഫോർണിയയിലുള്ള വീട് നഷ്ടമാകാതിരിക്കാനായി 14.6 മില്യൻ യുഎസ് ഡോളർ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 110 ഡോളർ മാത്രമേ സമാഹരിക്കാൻ സാധിച്ചുള്ളു. ഇതോടെ പേജ് നീക്കം ചെയ്തു. രാജകുടുംബത്തിൽ നിന്ന് മേഗൻ നേരിട്ട ബുദ്ധിമുട്ടുകളും രാജകുടുംബ ചുമതലകൾ ഒഴിഞ്ഞതിനു ശേഷം തനിക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ റദ്ദാക്കിയെന്നുള്ള ഹാരി വെളിപ്പെടുത്തലും കേട്ടതോടെയാണ് ദമ്പതിമാർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് ആഗ്രഹിച്ചതെന്ന് അനസ്തേഷ്യ പറയുന്നു. അതൊരു തമാശയായിരുന്നില്ല, കഷ്ടപ്പെടുന്ന ഏതൊരാളോടും തോന്നുന്ന വികാരം തന്നെയായിരുന്നു എനിക്ക് ഇവരോടും ഉണ്ടായിരുന്നത്. നാളെ നിങ്ങൾക്ക് സാമ്പത്തിക സഹായം വേണ്ടിവന്നാൽ ഞാൻ ഇത് തന്നെ ചെയ്യും . സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ 20 ലക്ഷത്തോളം വരുന്ന മേഗൻ - ഹാരി ആരാധകർ അഞ്ച് ഡോളർ വീതം സംഭാവന ചെയ്തിരുന്നെങ്കിൽ 10 മില്യൻ ഡോളർ എങ്കിലും സമാഹരിക്കാനാകുമായിരുന്നു - - അനസ്തേഷ്യ പറയുന്നു. എന്നാൽ ആകെ മൂന്നു പേർ മാത്രമാണ് സാമ്പത്തിക സഹായവുമായി എത്തിയത്. അഞ്ച് ഡോളർ നൽകിയത് അനസ്തേഷ്യ തന്നെയായിരുന്നു.അതേസമയം, വിഷയത്തിൽ ഹാരിയോ മേഗനോ പ്രതികരിച്ചിട്ടില്ല.
രാജകുടുംബത്തിൽ നേരിട്ട വിവേചനങ്ങളെക്കുറിച്ചും വർണവെറിയെക്കുറിച്ചും ഓപ്രയുടെ അഭിമുഖത്തിൽ മേഗൻ വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡ് നടിയായിരുന്ന മേഗന്റെ അമ്മ ആഫ്രിക്കൻ വംശജയാണ്. മേഗൻ ഡയാന രാജകുമാരിയെ അനുകരിക്കുകയാണെന്നും വിവാദങ്ങൾ ഉയർന്നിരുന്നു. ബ്രിട്ടീഷ് കിരീടാവകാശ സ്ഥാനത്ത് ആറാമതായിരുന്ന ഹാരി, കഴിഞ്ഞ വർഷമാണ് രാജകുടുംബ ചുമതലകൾ ഉപേക്ഷിച്ചത്.