kummanam-rajasekharan

തിരുവനന്തപുരം: നേമത്തെ ബി ജെ പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പമുളള സത്യവാങ്മൂലത്തിൽ നിറ‌ഞ്ഞുനിന്നത് ‘ഇല്ല’. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വായ്‌പ സ്വീകരിച്ചിട്ടില്ല, വായ്‌പ ആർക്കും കൊടുത്തിട്ടില്ല, ബാദ്ധ്യതകളില്ല, ജീവിത പങ്കാളി ഇല്ല, ഇൻഷൂറൻസ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങൾ ഇല്ല, സ്വർണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുളള വസ്‌തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്‌മയുടെ ഒരു വലിയ നിര തന്നെ സത്യവാങ്‌മൂലത്തിൽ കാണാം.

സ്വന്തമായി വീടില്ലാത്ത കുമ്മനം ബി ജെ പി സംസ്ഥാന ഓഫീസിന്റെ മേൽവിലാസമാണ് നൽകിയിരിക്കുന്നത്. മിസോറാം ഗവർണറായിരിക്കെ നൽകിയ മുഴുവൻ ശമ്പളവും സേവനപ്രവർത്തനങ്ങൾക്ക് നൽകിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. കുമ്മനം രാജശേഖരന്റെ കൈയിൽ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടുകളിലുമായി 46,584 രൂപയുമാണുളളത്. ഇതിനു പുറമേ ജന്മഭൂമി പത്രത്തിൽ അയ്യായിരം രൂപയുടെ ഓഹരിയുമുണ്ട്.


നേമത്ത് മത്സരിക്കുന്ന കുമ്മനം 2016ൽ വട്ടിയൂർക്കാവ് നിയേജക മണ്ഡലത്തിലും യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ എതിരാളിയായിരുന്നു. നേമത്ത് ശക്തമായ ത്രികോണ പോര് നടക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ ഇല്ലായ്‌മകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.