zodiacal-light

വാഷിംഗ്ടൺ: പ്രഭാതത്തിന് കുറച്ച് സമയം മുമ്പ് ഭൂമിയുടെ ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രത്യേകതരം വെളിച്ചമായ സോഡിയാക്കൽ ലൈറ്റിന് (രാശി പ്രഭ) കാരണമായ സൂര്യന് ചുറ്റും കറങ്ങുന്ന പൊടിപടലങ്ങൾക്ക് പിന്നിൽ ചൊവ്വാഗ്രഹമാണെന്ന കണ്ടെത്തലുമായി നാസയുടെ ജൂനോ പേടകം.

2011ൽ വിക്ഷേപിച്ച ജൂനോയുടെ പ്രധാന ദൗത്യം വ്യാഴത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയെന്നതാണ്.

സൂര്യനു ചുറ്റും നിശ്ചിത ഭ്രമണപഥത്തിലാണ് വൻ തോതിൽ പൊടിപടലങ്ങളുമുള്ളത്. ഇത് ഏതാണ്ട് ചൊവ്വയുടെ ഭ്രമണപഥവുമായി ചേർന്നിരിക്കുന്നുവെന്നാണ് ജൂനോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നാസ ശാസ്ത്രജ്ഞർ പറയുന്നത്. സൗരയൂഥത്തിലെ ഏറ്റവും പൊടി നിറഞ്ഞ ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. അതേസമയം, ഇത്രയധികം പൊടി എങ്ങനെയാണ് ചൊവ്വയുടെ ഗുരുത്വാകർഷണ വലയത്തെ മറികടന്ന് പുറത്തെത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ചൊവ്വയിൽ ഇടക്കിടെയുണ്ടാകുന്ന പടുകൂറ്റൻ പൊടിക്കാറ്റുകളാണ് ഇതിന് പിന്നിലെന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക് കൂട്ടൽ. ജെ.ജി.ആർ പ്ലാനറ്റ്‌സ് ജേണലിൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 കണ്ടെത്തലിന് മുൻപ്

പുതിയ കണ്ടെത്തലിന് മുൻപ് സോഡിയാക് ലൈറ്റിന് പിന്നിലെ പൊടിപടലങ്ങൾ ഉൽക്കകളും ഛിന്നഗ്രഹങ്ങളും വഴി സൗരയൂഥത്തിന്റെ മദ്ധ്യഭാഗത്തുണ്ടാവുന്നവയാണ് എന്നായിരുന്നു ശാസ്ത്രജ്ഞർ കരുതിയിരുന്നത്. വ്യാഴത്തിലേക്കുള്ള യാത്രക്കിടെ ജൂനോ ചൊവ്വയുടെ ഭ്രമണപഥത്തിലെ പൊടിപടലങ്ങൾക്കിടയിലൂടെ യാത്ര ചെയ്തതോടെയാണ് ഇത് തെറ്റാണെന്ന് ബോദ്ധ്യമായത്.

സൂര്യനിൽ നിന്നും ഏകദേശം രണ്ട് അസ്‌ട്രോണമിക്കൽ യൂണിറ്റ് (ഭൂമിയും സൂര്യനും തമ്മിലുള്ള അകലമാണ് 1 അസ്‌ട്രോണമിക്കൽ യൂണിറ്റ്) അകലെയാണ് ഈ പൊടിപടലങ്ങൾ വൻ തോതിൽ കാണപ്പെടുന്നത്. സൂര്യനിൽ നിന്നും 1.5 അസ്‌ട്രോണമിക്കൽ യൂണിറ്റ് അകലെയാണ് ചൊവ്വയുടെ സ്ഥാനം. ഇതാണ് ചൊവ്വയും ഈ പൊടിപടലങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കണ്ടെത്താൻ സഹായകമായത്.

 സോഡിയാക്കൽ ലൈറ്റ് അഥവാ രാശിപ്രഭ

ചക്രവാളത്തിൽ ഭൂമിയിലേക്ക് താഴ്ന്നു കിടക്കുന്ന രീതിയിലുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനമാണ് സോഡിയാക്കൽ ലൈറ്റ്. സൂര്യനു ചുറ്റും കറങ്ങുന്ന പൊടിപടലങ്ങളാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. പിരമിഡ് ആകൃതിയാണ് ഈ പ്രകാശത്തിന്.പുലർച്ചയ്ക്ക് ഉണരുന്നവർ ഈ പ്രഭയെ പ്രഭാതവെളിച്ചമായി തെറ്റിദ്ധരിക്കാറുള്ളതിനാൽ കള്ളപ്രഭാതം എന്നും വിളിക്കപ്പെടുന്നു