vaccine

ന്യൂഡൽഹി:കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന് താങ്ങായി ഇന്ത്യ. വിവിധ രാജ്യങ്ങളിൽ ആറ് കോടി വാക്‌സിൻ ഡോസുകൾ ഇന്ത്യ ഇതുവരെ വിതരണം ചെയ്‌തു. വിവിധ ഘട്ടങ്ങളിലായി വാക്‌സിനേഷൻ നടപ്പാക്കുന്ന രാജ്യങ്ങൾക്ക് ആവശ്യത്തിന് വാക്‌സിനുകൾ ഇന്ത്യ വിതരണം ചെയ്‌തു കഴിഞ്ഞു. ഇപ്പോഴും വിവിധ രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ ആവശ്യപ്പെട്ട് അഭ്യർത്ഥനകൾ വിദേശകാര്യ മന്ത്രാലയത്തിൽ എത്താറുണ്ട്.

സുഹൃത്ത് രാജ്യങ്ങൾക്ക് വരുന്ന ആഴ്‌ചകളിലും ഇന്ത്യ വിവിധ ഘട്ടങ്ങളായി വാക്‌സിൻ വിതരണം തുടരുമെന്ന് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെ കഴിഞ്ഞയാഴ്‌ച രാജ്യസഭയിൽ അറിയിച്ചിരുന്നു. ഇതുവരെ എഴുപതോളം രാജ്യങ്ങളിൽ ഇന്ത്യ വാക്‌സിൻ വിതരണം നടത്തിക്കഴിഞ്ഞു. നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. ചൈന തങ്ങളുടെ വാക്‌സിൻ നിർബന്ധമായി രാജ്യം സന്ദർശിക്കുന്നവർ സ്വീകരിക്കണമെന്ന് നിബന്ധന വയ്‌ക്കുകയും മ‌റ്റ് രാജ്യങ്ങളിലും വിൽക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യ പാകിസ്ഥാനുൾപ്പടെ രാജ്യങ്ങൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്നത്.

നിലവിൽ ഇന്ത്യയിൽ രണ്ട് വാക്‌സിനുകൾക്കാണ് അനുമതിയുള‌ളത്. അടിയന്തര ഘട്ടങ്ങളിലെ ഉപയോഗത്തിനായി ഭാരത് ബയോടെകിന്റെ കൊവാക്‌സിനും ഓക്‌സ്‌ഫോർഡ് സർവകലാശാല ആസ്‌ട്രസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡും. രണ്ട് ഡോസായി 28 ദിവസത്തിനിടെ നൽകുന്ന കുത്തിവയ്‌പ്പാണ് കൊവാക്‌സിന്റെത്. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല ഫലസൂചനയിൽ 81 ശതമാനം ഫലപ്രാപ്‌തി ഈ വാക്‌സിൻ നൽകുന്നു.

അതേസമയം കൊവിഷീൽഡ് വാക്‌സിന്റെ ഫലപ്രാപ്‌തി 70 ശതമാനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ച ശേഷം 3.5 കോടി ഡോസ് വാക്‌സിനുകൾ ഇതുവരെ നൽകിയതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.