us-and-russia

വാഷിംഗ്ടൺ: 2020ലെ അമേരിക്കൻ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ റഷ്യ ശ്രമിച്ചെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്. ട്രംപ് അനുകൂലികളിലൂടെ ജോ ബൈഡനെതിരെ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോപണങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യ ശ്രമം നടത്തിയെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ഇതിൽ പങ്കുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ബൈഡനെതിരെ കുപ്രചാരണം നടത്താൻ ട്രംപ് അനുകൂലികൾ റഷ്യയെ ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ ഇതോടെ ശക്തമായി.ഗുരുതരമായ ആരോപണങ്ങളാണ് റഷ്യയ്‌ക്കെതിരെ റിപ്പോർട്ടിലുള്ളത്.മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായികളായിരുന്ന ആൻഡ്രി ഡെർക്ക, കോൺസ്റ്റാന്റിൻ കിൽമിൻകിൽ എന്നിവരുടെ സഹായത്തോടെ റഷ്യൻ ഏജന്റുകൾ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. അമേരിക്കയുടെ രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് ബൈഡനെതിരെ തെറ്റിദ്ധാരണകൾ ജനിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കിൽമിൻക്, 2016ലെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ ക്യാംപയ്ൻ ചെയർമാനായിരുന്ന പോൾ മിനാഫോർട്ടിന്റെ അടുത്ത അനുയായി ആയിരുന്നു. സ്‌പെഷ്യൽ കൗൺസിൽ റിപ്പോർട്ട് പ്രകാരം പോൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ട്രംപ് അധികാരമൊഴിയുന്നതിന് തൊട്ടുമുൻപാണ് ഇയാൾ ജയിൽ മോചിതനായത്. അതേസമയം 2016ലേതിന് സമാനമായി തുടർച്ചയായി തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ നുഴഞ്ഞുകയറാൻ റഷ്യൻ ഹാക്കർമാർ ഇത്തവണ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അമേരിക്ക അടുത്തയാഴ്ച മുതൽ റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തുമെന്നാണ് വിവരം.നേരത്തെ റഷ്യൻ പ്രതിപക്ഷ നേതാവായ അലക്സി നവൽനിയെ അനധികൃതമായി അറസ്റ്റ് ചെയ്തതിന് റഷ്യൻ ഉദ്യോഗസ്ഥർക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.

 ബൈഡനെ വിജയിപ്പിക്കാൻ ചൈന ശ്രമിച്ചെന്ന് ആരോപണം

അമേരിക്കയുമായി സ്ഥിരതയുള്ളതും ഊഷ്മളവുമായ ബന്ധം ആഗ്രഹിച്ച ചൈന ബൈഡനെ വിജയിപ്പിക്കാൻ നീക്കങ്ങൾ നടത്തിയിരുന്നുവെന്നും അതിന് ഉതകുന്ന രാഷ്ട്രീയ സാഹര്യം ഉണ്ടാക്കാൻ ശ്രമിച്ചെന്നും അന്താരാഷ്ട്ര തലത്തിൽ റിപ്പോർട്ടുകളുണ്ട്.

 ആരോപണങ്ങൾ തെറ്റെന്ന് റഷ്യ
അതേസമയം, അമേരിക്കയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അമേരിക്കയിലെ റഷ്യൻ എംബസി ഫേസ്ബുക്കിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തങ്ങൾക്കെതിരെ യാതൊരു തെളിവും കണ്ടെത്താൻ യു.എസ് ഇന്റലിജൻസിന് സാധിച്ചില്ലെന്നും പ്രസ്താവനയിൽ പറയുന്നു