
ജയ്‌പൂർ: ഇന്നലെ പുലർച്ചെ 5.45 ന് ബംഗളൂരുവിൽ നിന്ന് ജയ്‌പൂരിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനത്തിൽ നിന്ന് യാത്രക്കാരിയുടെ നിലവിളി ശബ്ദം ഉയർന്നു. പ്രസവവേദന കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് എയർഹോസ്റ്റസുമാർ ഒരു നിമിഷം പകച്ചുപോയെങ്കിലും യാത്രക്കാരിയായ ഡോ. സുബാന നസീർ നേതൃത്വം ഏറ്റെടുത്തു. വിമാനജോലിക്കാർ കൂടി സഹായിച്ചതോടെ യാത്രക്കാരി ഒരു പെൺകുഞ്ഞിന് ജന്മം നല്കി. ജയ്‌പൂർ വിമാനത്താവളത്തിൽ ഡോക്ടറും ആംബുലൻസ് സംവിധാനങ്ങളും തയ്യാറായിരുന്നു. വിമാനം ഇറങ്ങിയ ഉടൻ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി വിമാന കമ്പനി അറിയിച്ചു.
യാത്രക്കാരിയെ സഹായിച്ച ഡോ. സുബാനയെ ഇൻഡിഗോ കമ്പനി ആദരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഇൻഡിഗോയുടെ ഡൽഹി-ബംഗളുരു വിമാനത്തിലും ഒരു യാത്രക്കാരി കുഞ്ഞിന് ജന്മം നൽകിയിരുന്നു.