
മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ നിത അംബാനിയെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സോഷ്യൽ സയൻസ് പഠനവകുപ്പിൽ വിസിറ്റിംഗ് പ്രൊഫസറാക്കുന്നതിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം.
കാമ്പസിലുള്ള വൈസ് ചാൻസലർ രാകേഷ് ബട്നഗറുടെ വസതിക്കു മുന്നിൽ 40ലേറെവരുന്ന വിദ്യാർത്ഥികൾ പ്രകടനം നടത്തി. നിവേദനവും നൽകി. നിത അംബാനിക്ക് പകരം സ്ത്രീശാക്തീകരണത്തിന് മാതൃകയായവരെ ക്ഷണിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
സോഷ്യൽ സയൻസ് പഠനവകുപ്പിന്റെ കീഴിലുള്ള വനിതാ പഠന കേന്ദ്രത്തിലെ വിസിറ്റിംഗ് ഫാക്കൽറ്റിയായി വരണമെന്നാണ് നിത അംബാനിയോട് യൂണിവേഴ്സിറ്റി അഭ്യർത്ഥിച്ചത്. റിലയൻസ് ഫൗണ്ടേഷന് കത്തയയ്ക്കുകയും ചെയ്തു.
പ്രമുഖ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തൽ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി എന്നിവരെയും വിസിറ്റിംഗ് ഫാക്കൽറ്റിയായി നിയമിക്കാൻ സോഷ്യൽ സയൻസ് വിഭാഗം തീരുമാനിച്ചിരുന്നു. എന്നാൽ നിത അംബാനിക്കുമാത്രമാണ് ഇതിനകം കത്തയച്ചത്.
രണ്ടുവർഷംമുമ്പ് സ്ഥാപിച്ച വിമൻ സ്റ്റഡി സെന്ററിൽ വിസിറ്റിംഗ് പ്രൊഫസർമാർക്കായി മൂന്നു തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കൊപ്പം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പഠനഗവേഷണ പ്രവർത്തനങ്ങളാണ് കേന്ദ്രത്തിൽ നടക്കുന്നത്.
സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കാനാണെങ്കിൽ അരുണിമി സിൻഹ, ബചേന്ദ്രി പാൽ, മേരി കോം, കിരൺ ബേദി എന്നിവരെയാണ് ക്ഷണിക്കേണ്ടതെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.
അതേസമയം, ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണെന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും റിലയൻസ് ഇൻഡസ്ട്രീസ് വക്താവ് പ്രതികരിച്ചു.