
വാഷിംഗ്ടൺ: മെക്‌സിക്കോയുടെ തെക്കൻ അതിർത്തിയിൽ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്യുന്നവരുടെ എണ്ണം കൂടിയതിന് പിന്നാലെ നിലപാടുകൾ തിരുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിലേക്കുള്ള അഭയാർത്ഥികളുടെ ഒഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് വൻ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ധൃതിപ്പെട്ട് അമേരിക്കയിലേക്ക് വരേണ്ടതില്ലെന്ന് ബൈഡൻ അഭയാർത്ഥികളോട് പറഞ്ഞത്. ഞാൻ കൃത്യമായി പറയുകയാണ് നിങ്ങൾ ചാടിക്കയറി ഇങ്ങോട്ട് വരേണ്ടതില്ല. നിങ്ങളുടെ നഗരത്തെയും സമൂഹത്തെയും ഉപേക്ഷിക്കരുത് - ബൈഡൻ പറഞ്ഞു.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയം ബൈഡൻ തിരുത്തിയതാണ് അമേരിക്കയിലേക്ക് അഭയാത്ഥികൾ കൂട്ടമായി എത്താൻ കാരണമെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 2019ലും 2020ലും കൂട്ടമായി അഭയാർത്ഥികൾ അമേരിക്കയിൽ എത്തിയിരുന്നുവെന്ന് ബൈഡൻ പറഞ്ഞു. അതേസമയം, അഭയാർത്ഥി വിഷയത്തിൽ നിലപാട് മയപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രഖ്യാപിച്ച ബൈഡന്റെ പുതിയ നയം ആഗോള തലത്തിൽ ചർച്ചയായിട്ടുണ്ട്.