uefa-

മാഡ്രിഡ്: രണ്ടാം പാദ പ്രീക്വാർട്ടറിലും മിന്നുന്ന വിജയങ്ങൾ നേടി കരുത്തരായ റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. റയൽ ഇറ്റാലിയൻ ക്ളബ് അറ്റ്ലാന്റയെയും സിറ്റി ജർമ്മൻ ക്ളബ് ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനെയുമാണ് കീഴടക്കിയത്.

സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് റയലിന്റെ വിജയം. ആദ്യ പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ ജയിച്ചിരുന്നത്. 34-ാം മിനിട്ടിൽ കരീം ബെൻസേമ റയലിനായി ആദ്യഗോൾ നേടി. 60-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സെർജിയോ റാമോസ് ലീഡ് ഉയർത്തി. 83-ാം മിനിട്ടിൽ അറ്റലാന്റയ്ക്കായി മ്യൂറിയേൽ ഫ്രൂട്ടോ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും തൊട്ടുപിന്നാലെ റയലിനുവേണ്ടി മാർക്കോ അസെൻഷ്യോ മൂന്നാം ഗോൾ നേടി. രണ്ടു പാദങ്ങളിലുമായി 4-1 എന്ന സ്‌കോറിനാണ് റയലിന്റെ വിജയം.

മോൺഷെംഗ്ളാബാഷിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചുനടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. 12-ാം മിനിട്ടിൽ കെവിൻ ഡിബ്രുയ്നും 18-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗനും സിറ്റിയ്ക്കായി വലകുലുക്കി. ആദ്യ പാദ മത്സരത്തിലും ഇതേ സ്‌കോറിനാണ് സിറ്റി വിജയിച്ചത്.

36

ഈ വിജയത്തോടെ ഏറ്റവുമധികം തവണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തുന്ന ടീം എന്ന റെക്കാഡ് റയൽ മെച്ചപ്പെടുത്തി. 36 തവണയാണ് റയൽ ക്വാർട്ടറിൽ കളിച്ചത്. 30 തവണ ക്വാർട്ടർ കണ്ട ബയേൺ മ്യൂണിക്കാണ് രണ്ടാമത്.