
മൂന്ന് ഫോർമാറ്റുകളിലും ടോപ്പ് 5 ബാറ്റിംഗ് റാങ്കിലുള്ള ഏകബാറ്റ്സ്മാനായി വിരാട് കൊഹ്‌ലി
ദുബായ്: ടെസ്റ്റ്,ഏകദിനം,ട്വന്റി - 20 എന്നിങ്ങനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ അഞ്ചുസ്ഥാനത്തിനുള്ളിലുള്ള ഏക ബാറ്റ്സ്മാനായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ‌്ലി.ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടർച്ചയായി രണ്ട് അർദ്ധസെഞ്ച്വറികൾ നേടി കൊഹ്‌ലി ട്വന്റി - 20 റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് ഈ നേട്ടവും സ്വന്തമാക്കിയത്.
ട്വന്റി 20 റാങ്കിംഗിൽ ആറാം സ്ഥാനത്തായിരുന്ന കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തിയപ്പോൾ മൂന്നാം റാങ്കുകാരനായിരുന്ന കെ.എൽ രാഹുൽ നാലാം റാങ്കിലേക്ക് വീണു. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് റാങ്കിംഗിൽ ഒന്നാമത്. ആസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ച് രണ്ടാമതും പാകിസ്ഥാന്റെ ബാബർ അസം മൂന്നാമതുമുണ്ട്.
ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് കൊഹ്‌ലി . 870 പോയിന്റാണ് താരത്തിനുള്ളത്. 842 പോയിന്റുമായി രോഹിത് ശർമ രണ്ടാം സ്ഥാനത്തും 837 പോയന്റുമായി ബാബർ അസം മൂന്നാം സ്ഥാനത്തുമുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്ത വിൻഡീസ് താരം ഷായ് ഹോപ്പ് എട്ടാം സ്ഥാനത്തെത്തി.
ടെസ്റ്റ് റാങ്കിംഗിൽ വിരാട് കൊഹ്‌ലി അഞ്ചാം സ്ഥാനത്താണ്. ന്യൂസിലാൻഡ് നായകൻ കേൻ വില്യംസൺ ഒന്നാമതും ഓസീസ് താരം സ്റ്റീവ് സ്മിത്ത് രണ്ടാമതുമുണ്ട്. ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്തും രോഹിത് ശർമയും ഏഴാം സ്ഥാനത്തുണ്ട്.