womens-cricket

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ചാം ഏകദിനത്തിൽ അഞ്ചുവിക്കറ്റിന് തോറ്റ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം 1-4ന് പരമ്പരയും അടിയറ വച്ചു. അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.3 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 48.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.

പുറത്താവാതെ 79 റൺസെടുത്ത ക്യാപ്ടൻ മിഥാലി രാജിന്റെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറുയർത്തിയത്. 30 റൺസെടുത്ത ഹർമൻ പ്രീത് കൗർ ഒഴികെ മറ്റാർക്കും മിതാലിയെ പിന്തുണച്ചില്ല. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നാദിനെ ഡെ ക്ലെർക്ക് മൂന്നു വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അന്നെകെ ബോഷ് 58 റൺസും മിഗ്നൻ ഡുപ്രീസ് 57 റൺസും മരിസാനേ കാപ്പ് 36 റൺസും നേടി. പത്തോവറിൽ വെറും 13 റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റെടുത്ത രാജേശ്വരി ഗെയ്‌ക്‌വാദ് മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.

ദക്ഷിണാഫ്രിക്കയുടെ അന്നെകെ ബോഷ് കളിയിലെ താരമായും ലിസെല്ലി ലീ പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.