o-rajagopal

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി, കോൺഗ്രസ്, ലീഗ് വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിർന്ന ബി.ജെ.പി നേതാവും എം.എൽ.എയുമായ ഒ. രാജഗോപാൽ. കോ-ലീ-ബി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ അദ്ദേഹം നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും ഇത് ബി.ജെ.പിക്ക് നേട്ടമായെന്നും ഒരു പ്രമുഖ വാർത്താച്ചാനലിനോട് പറഞ്ഞു.

വടക്കൻ കേരളത്തിലായിരുന്നു സഖ്യം കൂടുതൽ. പ്രാദേശിക തലത്തിലായിരുന്നു ധാരണ. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബി.ജെ.പിയുടെ വോട്ടുകൾ കൂടാൻ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തിൽ അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും. അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തിൽ അറിഞ്ഞാൽ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും രാജഗോപാൽ പറഞ്ഞു.

അതേസമയം എൽ.ഡി.എഫുമായി ബി.ജെ.പി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമാണെന്നും രാജഗോപാൽ പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീലുണ്ടെന്ന ആരോപണം നിഷേധിച്ച അദ്ദേഹം ബാലശങ്കർ ആരോ പറയുന്നത് ഏറ്റുപറയുകയാണെന്നും അഭിപ്രായപ്പെട്ടു.

മുൻപ് ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിൽ പത്രപ്രവർത്തകനായിരുന്ന കെ. കുഞ്ഞിക്കണ്ണൻ ബി.ജെ.പി നേതാവായിരുന്ന കെ. ജി. മാരാരെക്കുറിച്ച് എഴുതിയ 'കെ. ജി. മാരാർ: രാഷ്ട്രീയത്തിലെ സ്‌നേഹസാഗരം' എന്ന പുസ്തകത്തിലും കോ-ലീ-ബി സഖ്യം സത്യമാണെന്ന തരത്തിൽ നിരവധി പരാമർശങ്ങൾ നടത്തിയിരുന്നു. മാരാരുടെ ജീവചരിത്രത്തിലെ 'പാഴായ പരീക്ഷണം' എന്ന അദ്ധ്യായത്തിലാണ് ഇത്തരത്തിലുളള പരാമർശങ്ങൾ ഉളളത്.