sachin-vaze

വാസെയുടെ ആഡംബര കാർ പിടിച്ചെടുത്തു

 കാറിൽ നോട്ടെണ്ണൽ യന്ത്രവും അഞ്ചുലക്ഷം രൂപയും

മുംബയ്: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സസ്‌പെൻഷനിലായ മുംബയിലെ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി എൻ.ഐ.എ കോടതിയിൽ വ്യക്തമാക്കി.

സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ അംബാനിയുടെ വസതിക്ക് മുന്നിലേക്ക് സഞ്ചരിക്കവെ, സച്ചിൻ തന്റെ ഔദ്യോഗിക വാഹനമായ ഇന്നോവയിൽ അകമ്പടി സേവിച്ചതായി എൻ.ഐ.എ ആരോപിച്ചു. ഫെബ്രുവരി 25ന് സ്ഫോടകവസ്തുക്കൾ നിറച്ച കാർ എവിടെ പാർക്ക് ചെയ്യണമെന്ന് കാട്ടിക്കൊടുത്തതും വാസെയാണെന്ന് എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കി. സച്ചിന്റെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

ഫെബ്രുവരി 24ന് വാസെയുടെ ഔദ്യോഗിക വാഹനം പൊലീസ് ആസ്ഥാനത്ത് പാർക്ക് ചെയ്ത ശേഷം വീട്ടിൽ പോയതായി ഡ്രൈവറായ പൊലീസുകാരൻ എൻ.ഐ.എയ്ക്ക് മൊഴി നൽകിയിരുന്നു. എന്നാൽ അവിടെ നിന്ന് വാസെ താമസിക്കുന്ന താനെയിലേക്ക് കാർ ഓടിച്ചെത്തിച്ചത് ആരാണെന്ന് വ്യക്തമല്ല. ഏതെങ്കിലും പൊലീസ് കോൺസ്റ്റബിൾ ആയിരിക്കാമെന്ന് എൻ.ഐ.എ സംശയിക്കുന്നു.
അതേസമയം ചൊവ്വാഴ്ച രാത്രി വാസെ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന മേഴ്സിഡസ് ബെൻസ് കാർ എൻ.ഐ.എ പിടിച്ചെടുത്തിരുന്നു. ഈ കാറിൽനിന്ന് അഞ്ച് ലക്ഷം രൂപ, നോട്ടെണ്ണൽ യന്ത്രം, ബിയർ കുപ്പികൾ, എസ്.യു.വിയുടെ വ്യാജ നമ്പർപ്ലേറ്റ് തുടങ്ങിയവ കണ്ടെടുത്തു. മനീഷ ഭാവ്സർ എന്നയാളുടെ പേരിലാണ് ബെൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും വാസെ, കമ്മിഷണർ ഓഫീസിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നത് ഈ വാഹനത്തിലാണെന്ന് എൻ.ഐ.എ വ്യക്തമാക്കി.

കാറിൽനിന്ന് കണ്ടെടുത്ത വസ്ത്രങ്ങളിൽ ഒരു ഷർട്ടും മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അംബാനിയുടെ വസതിക്ക് മുന്നിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ എസ്.യു.വി വാഹനം ഉപേക്ഷിച്ചയാൾ ഇതേ ഷർട്ടും പി.പി.ഇ കിറ്റും ധരിച്ചാണ് എത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. അതിനാൽ വാസെ തന്നെയാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചതെന്നാണ് നിഗമനം. സംഭവത്തിന് ശേഷം പി.പി.ഇ കിറ്റ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചിട്ടുണ്ടാകുമെന്നും അന്വേഷണസംഘം കരുതുന്നു.

അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ സ്‌കോർപിയോ, മൻസുക് ഹിരണിന്റേത് അല്ലെന്നും വാസെയാണ് ഉപയോഗിച്ചിരുന്നതെന്നുമുള്ള ഹിരണിന്റെ ഭാര്യയുടെ മൊഴിയും അന്വേഷിക്കുമെന്ന് എൻ.ഐ.എ അറിയിച്ചു. സച്ചിൻ വാസെയുടെ ഓഫീസിൽ എൻ.ഐ.എ സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്, ഐപാഡ്, മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു.

വാസെയുടെ സഹപ്രവർത്തകനായ അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ റിയാസുദ്ദീൻ കാസി അടക്കം ഏഴ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ എൻ.ഐ.എ ഇതുവരെ ചോദ്യം ചെയ്തു.