
ലണ്ടൻ: വർഷങ്ങൾക്ക് മുമ്പ് സ്കൂൾ മൈതാനത്ത് കളിച്ചുല്ലസിക്കുന്നതിനിടെ ചില വിദ്യാർത്ഥികൾ തങ്ങൾ കണ്ട ഒരു അത്ഭുത കാഴ്ച പേപ്പറിൽ കോറിയിട്ടു. 1977ൽ ചെഷയറിലെ മാക്ക്ൾസ്ഫീൽഡിൽ അപ്റ്റൺ പ്രയറി സ്കൂളിലെ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ കണ്ട് ലോകമൊന്നാകെ ഞെട്ടി. കാരണമത്, പറക്കും തളികകളുടെ ചിത്രങ്ങളായിരുന്നു. പറക്കുംതളിക കണ്ടെന്ന് അദ്ധ്യപകരോട് വിദ്യാർത്ഥികൾ പറഞ്ഞതോടെയാണ് സംഭവത്തിന് ചൂട് പിടിച്ചത്. ഉച്ചഭക്ഷണ ഇടവേളയിൽ മരങ്ങൾക്ക് തൊട്ടുമുകളിൽ ഏതോ ബഹിരാകാശ പേടകം വന്ന് വട്ടംപറന്ന് മടങ്ങുകയായിരുന്നുവെന്നാണ് ഇവർ അദ്ധ്യാപകരോട് പറഞ്ഞത്. അവിശ്വസനീയമായ സംഭവമായതിനാൽ, കുട്ടികളെ പല സംഘങ്ങളായി മാറ്റിനിറുത്തി അവർ കണ്ടത് ചിത്രത്തിൽ പകർത്താൻ അദ്ധ്യാപകർ നിർദ്ദേശിച്ചു. വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ഒന്നിച്ച് കണ്ടപ്പോൾ അദ്ധ്യാപകരും ഞെട്ടി. അവർ വരച്ച ചിത്രങ്ങൾ ഏകദേശം ഒരുപോലെയായിരുന്നു. ചിത്രങ്ങൾ അദ്ധ്യാപകർ പൊലീസിന് കൈമാറി. പൊലീസ് ചിത്രങ്ങൾ പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ അന്യഗ്രഹ ജീവി പഠന വിഭാഗത്തിന് നൽകി. മന്ത്രാലയം കേസ് അന്വേഷിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. 2009ൽ ഷെഫീൽഡ് ഹാലം യൂനിവേഴ്സിറ്റിയിലെ ഡോ. ഡേവിഡ് ക്ലാർക് ഈ ചിത്രങ്ങൾ പിന്നീട് ഒരു പുസ്തകത്തിലും ഉപയോഗിച്ചു. പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും ബ്രിട്ടീഷുകാർ ഇന്നും ഈ സംഭവത്തിന്റെ പൊരുളറിയാൻ ആകാഷയോടെ കാത്തിരിക്കുകയാണ്.