
അഭിനേതാക്കളായ ടി.ജി. രവിയുടെ ചെറുമകനും ശ്രീജിത്ത് രവിയുടെ മകനുമായ ഋതുൺജയ് സിനിമയിൽ അരങ്ങേറുന്നു. ധ്യാൻ ശ്രീനിവാസൻ രചന നിർവഹിച്ച് നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലൂടെയാണ് ഋതുൺജയ് സിനിമാഭിനയത്തിൽ തുടക്കമിടുന്നത്.
ദിലീഷ് പോത്തനും നിഷാ ശാരംഗും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഇളയ മകന്റെ വേഷമാണ്ചിത്രത്തിൽ ഋതുൺജയിന്. തണ്ണീർമത്തൻ ഫെയിം മാത്യു തോമസാണ് ചേട്ടന്റെ വേഷത്തിൽ.
മുക്കത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് അടുത്ത മാസം തുടങ്ങും. ശ്രീജിത്ത് രവി സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലാണ് ഋതുൺജയ് ആദ്യമഭിനയിച്ചത് അജുവർഗീസിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു. ആ ഹ്രസ്വചിത്രത്തിന്റെ നാലാമത്തെ എപ്പിസോഡ് റിലീസ് ചെയ്തത് ഹ്രസ്വചിത്രംകണ്ടിട്ട് അജുവാണ് ഋതുൺജയിന്റെ പേര് പ്രകാശൻ പരക്കട്ടെ എന്ന ചിത്രത്തിലേക്ക് നിർദ്ദേശിച്ചത്. അജു നിർമ്മിച്ച ലവ് ആക്ഷൻ ഡ്രാമയുടെ അസോസിയേറ്റായിരുന്നു സംവിധായകൻ ഷഹദ്. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിൽ അജുവർഗീസും ഒരു പ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്.
തൃശൂർ ദേവമാതയിലെ യു.കെ.ജി വിദ്യാർത്ഥിയാണ് ആറ് വയസുകാരനായ ഋതുൺജയ്. ഷൂട്ടിംഗ്തുടങ്ങുന്നതിന് മുൻപ് ഋതുൺജയിന് വേണ്ടി രണ്ട് ദിവസത്തെ അഭിനയക്കളരിയും പ്രകാശൻ പറക്കട്ടെ ടീം സംഘടിപ്പിച്ചിരുന്നു. ഒരു താത്വിക അവലോകനം ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഒഴിവാക്കി ലൊക്കേഷനിൽ മകന് കൂട്ട് പോയ ശ്രീജിത്ത് രവി പ്രകാശൻ പറക്കട്ടെയിൽ ഒരു ചെറിയ വേഷം അവതരിപ്പിക്കുകയും ചെയ്തു.