
കാസർകോട്: കള്ളവോട്ടിന് ശ്രമമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം കോൺഗ്രസിന് നേരെ തിരിച്ചടിക്കുന്നു. കാസർകോട്ടെ ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തിൽ അഞ്ചുതവണ ചേർക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ടറൽ ഐഡി കാർഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ഇന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഡിഎഫ് പ്രവർത്തകർ രാപ്പകൽ ഇല്ലാതെ കഠിനാധ്വാനം ചെയ്ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
എന്നാൽ തങ്ങൾ കോൺഗ്രസുകാരാണെന്ന് പറഞ്ഞ കുമാരിയും കുടുംബവും വോട്ട് ചേർത്തത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരാണെന്നും വ്യക്തമാക്കി രംഗത്തെത്തി. കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭർത്താവ് വ്യക്തമാക്കി. കോണ്‍ഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടേതെന്നും പ്രശ്നം ഇപ്പോഴാണ് അറിയുന്നതെന്നും കുമാരി പ്രതികരിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് കുമാരിയും കുടുംബവും. 13 വർഷമായി പെരിയയിലാണ് താമസം. പഞ്ചായത്ത് അംഗമായിട്ടുള്ള കോൺഗ്രസ് നേതാവ് ശശിയാണ് ഇവരുടെ പേര് വോട്ടർപട്ടികയിൽ ചേർക്കാൻ സഹായം നൽകിയത്. ഒരു വോട്ടർഐഡി മാത്രമാണ് അവർക്കുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും ശശിയും പറയുന്നുണ്ട്. ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹി പറഞ്ഞു.
അതിനിടെ വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തിരിമറി നടത്തിയിരിക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം.