p-c-chacko

ന്യൂഡൽഹി: സംസ്ഥാനതലത്തിലുള്ള പല നേതാക്കളും വരും ദിവസങ്ങളിൽ കോൺഗ്രസ് വിടുമെന്ന് എൻ.സി.പിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് പി. സി. ചാക്കോ. കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്ന് പോവുന്നതെന്നും കെ. സുധാകരനടക്കം പല നേതാക്കൾക്കും പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതായും പി.സി. ചാക്കോ ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

തന്നെ ബന്ധപ്പെട്ട നേതാക്കന്മാരിൽ പലരും അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് വിട്ട് പുറത്തേക്ക് വരും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെപ്പോലെയുള്ള കരുത്തരായ സംസ്ഥാന നേതാക്കളെ നിയന്ത്രിക്കാൻ നേതൃത്വത്തിന് കഴിയുന്നില്ല. കോൺഗ്രസിന് ഒരു ഹൈക്കമാൻഡ് ഉണ്ടെന്നുപോലും താൻ കരുതുന്നില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.

എന്നാൽ പി.സി. ചാക്കോയുടെ വെളിപ്പെടുത്തലുകളെ തള്ളി കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി രംഗത്തെത്തി. കോൺഗ്രസ് വിടാനുള്ള താൽപര്യം താൻ ചാക്കോയെ അറിയിച്ചുവെന്നത് കള്ളമാണ്. സമീപ ദിവസങ്ങളിൽ താൻ അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും സുധാകരൻ പ്രതികരിച്ചു.