sukumaran-nair-nss

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ്. ഈ വിഷയത്തിൽ ഉത്തരം പറയേണ്ടത് സി.പി.എം സംസ്ഥാന ഘടകമാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലപാട് എന്തെന്ന് വ്യക്തമാക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ട്. അതറിയാനുള്ള അവകാശം വിശ്വാസികൾക്കുമുണ്ടെന്നും എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളിൽ കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും ഭരണഘടന പറയുന്ന തുല്യതയാണ് പാർട്ടി നയമെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.