drug

തിരുവനന്തപുരം: ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി എക്‌സൈസ് വകുപ്പിന്റെ ലഹരി വിമുക്ത കേന്ദ്രം (ഡീ അഡിക്ഷൻ സെന്ററുകൾ)​ വരുന്നു. നിലവിൽ 14 ജില്ലകളിലായി ലഹരി വിമുക്ത കേന്ദ്രങ്ങൾക്ക് സംസ്ഥാന സർ 37.52 കോടിയാണ് ചെലിവിട്ടത്. തലസ്ഥാന ജില്ലയ്ക്ക് പിന്നാലെ കൊച്ചി,​ കോഴിക്കോട് എന്നീ ജില്ലകളിലും ഇത്തരത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി ലഹരി വിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്.

സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ ഇതിനോടകം 41,389 പേർക്ക് ചികിത്സ നൽകിയിട്ടുണ്ട്. ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ 37,390 പേർക്കും ഇൻ പേഷ്യന്റ് വിഭാഗത്തിൽ 3,999 പേർക്കും ചികിത്സ നൽകി. ഡീ അഡിക്ഷൻ സെന്ററുകളുടെ പ്രാദേശി കേന്ദ്രങ്ങളിലൂടെ 5,380 പേർക്ക് കൗൺസിലിംഗും നൽകിയിട്ടുണ്ട്. മദ്യം അടക്കമുള്ള ലഹരിക്കെതിരെ സർക്കാർ 1,03,636 ബോധവത്കരണ ക്ലാസുകളും നടത്തി.

ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യ ത്തോടെ സർക്കാർ നേരത്തെ തന്നെ എക്‌സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി എന്ന പദ്ധതി നടപ്പാക്കിയിരുന്നു. പൊലീസ്,​ ആരോഗ്യം,​ വിദ്യാഭ്യാസം,​ വനം,​ സാമൂഹ്യനീതി,​ വനിതാ-ശിശുക്ഷേമം,​ തദ്ദേശ സ്ഥാപനങ്ങൾ,​ കുടുംബശ്രീ,​ സംസ്ഥാന ലൈബ്രറി കൗൺസിൽ,​ സ്പോർട്സ് കൗൺസിൽ എന്നിവയുമായി ചേർന്നാണ് എക്സൈസ് വിമുക്തി പദ്ധതി നടപ്പാക്കുന്നത്.

കൊവിഡിനെ തുടർന്ന് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതിനെ തുടർന്ന് മദ്യം ലഭിക്കാതെ വന്നപ്പോൾ മദ്യപരിൽ ഭൂരിഭാഗം പേരും ആരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇവർക്ക് എക്സൈസിന്റെ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ സൗജന്യ ചികിത്സയും കൗൺസിലിംഗും നൽകിയിരുന്നു. ചികിത്സ കൂടാതെ എക്സൈസ് വകുപ്പ് മുൻകൈ എടുത്ത് 150 ഉമിനീരിലുടെ ലഹരി ഉപയോഗം തിരിച്ചറിയാൻ കഴിയുന്ന കിറ്റുകൾ സംസ്ഥാനത്തുടനീളം വിതരണം ചെയ്യുകയും ചെയ്തു.. ഇതിലൂടെ ലഹരി ഉപയോക്താക്കളായ യുവാക്കളെ കണ്ടെത്തുകയും ചികിത്സയും കൗൺസിലിംഗും നൽകുകയും ചെയ്തു.