
തിരുവനന്തപുരം: വോട്ടർ പട്ടികയിലെ തിരിമറിയിൽ റിപ്പോർട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കാസർകോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി.
കാസർകോട്ടെ ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തിൽ അഞ്ചുതവണ ചേർക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ടറൽ ഐഡി കാർഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ഇന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷനേതാവിന്റെ വാദത്തെ തള്ളി അതേ വോട്ടർ രംഗത്തെത്തിയിരുന്നു.
തങ്ങൾ കോൺഗ്രസുകാരാണെന്ന് പറഞ്ഞ കുമാരിയും കുടുംബവും വോട്ട് ചേർത്തത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരാണെന്ന് പറഞ്ഞതോടെ ആരോപണമുന്നയിച്ചവർ തന്നെ വെട്ടിലായി. കോൺഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടേതെന്നും പ്രശ്നം ഇപ്പോഴാണ് അറിയുന്നതെന്നും കുമാരി പ്രതികരിച്ചു.