
മാനന്തവാടി: കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചിട്ട് പിന്നീട് ബി.ജെ.പിയിൽ പോവുക എന്നതാണ് കോൺഗ്രസുകാരുടെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതുച്ചേരിയും ത്രിപുരയുമെല്ലാം ഈ നയത്തിന്റെ ഉദാഹരണമാണെന്നും മാനന്തവാടിയിൽ സംഘടിപ്പിച്ച എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു
.
35 പേരെ ജയിപ്പിച്ചാൽ കേരളം ഭരിക്കുമെന്ന് ബി.ജെ.പി പറയുന്നത് ബാക്കിയുള്ളത് കോൺഗ്രസിൽ നിന്നെടുക്കാം എന്നതുകൊണ്ടാണ്. കോൺഗ്രസ് വെറും വിൽപ്പനച്ചരക്കായി മാറി. കേരളത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കുന്നത് കോൺഗ്രസ് ആണെന്ന് ആരും പറയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് കോൺഗ്രസിന്റെ വോട്ട് ആവിയായിപ്പോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
വർഗീയതയ്ക്ക് എതിരെ എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുമായി സമരസപ്പെടുന്ന അവസ്ഥയാണ്. നിലവിലെ പല ബി ജെ പി നേതാക്കളും തലമുതിർന്ന കോൺഗ്രസുകാരായിരുന്നു.അനുഭവത്തിൽ നിന്നും കോൺഗ്രസ് പാഠം ഉൾക്കൊള്ളുന്നില്ല. ഗോവയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി പിന്നീട് എല്ലാവരും ബി.ജെ.പിയിൽ പോയി.കോൺഗ്രസുകാർക്ക് ഇതൊരു പ്രശ്നമല്ല. ബി.ജെ.പിയിലേക്ക് പോകാൻ അവർക്കൊരു മടിയുമില്ല. കർണാടകയും പോണ്ടിച്ചേരിയുമെല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്. കോൺഗ്രസായി ജയിച്ചാൽ ബി.ജെ.പി യിലേക്ക് പോകാം ഇതേ അവസ്ഥ കേരളത്തിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.