
തിരുവനന്തപുരം: കെ. സുധാകരൻ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പാർട്ടി സ്ഥാനാർത്ഥി പട്ടികക്കെതിരെ പറഞ്ഞയാളെ എങ്ങനെ വർക്കിംഗ് പ്രസിഡന്റായി അംഗീകരിക്കും. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് സുധാകരനെന്നും വർക്കിംഗ് പ്രസിഡന്റിനെ വയ്ക്കാൻ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ലെന്നും ഉണ്ണിത്താൻ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സുധാകരൻ വർക്കിംഗ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാവില്ല. പാർട്ടി സ്ഥാനാർത്ഥി പട്ടികക്കെതിരെ പറഞ്ഞയാളെ എങ്ങനെ വർക്കിംഗ് പ്രസിന്റായി അംഗീകരിക്കും. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് സുധാകരൻ. കെ.പി.സി.സിക്ക് വർക്കിംഗ് പ്രസിഡന്റുമാരെ ആവശ്യമില്ല. വർക്കിംഗ് പ്രസിഡന്റിനെ വയ്ക്കാൻ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പി.സി. ചാക്കോ പരസ്യമായാണ് കെ. സുധാകരൻ കോൺഗ്രസ് വിടാൻ പോകുകയാണെന്ന് പറഞ്ഞത്. ചാക്കോയുടെ പ്രസ്താവനക്കെതിരെ ശക്തമായി മുന്നോട്ട് പോകണം സുധാകരൻ. മാനനഷ്ടക്കേസ് ഫയൽ ചെയ്തില്ലെങ്കിൽ ചാക്കോ പറഞ്ഞത് സത്യമാണ്. അങ്ങനെയെങ്കിൽ കോൺഗ്രസ് വിടാൻ അദ്ദേഹം തീരുമാനം എടുത്തത് കൊണ്ടാണ് കോൺഗ്രസിനെതിരെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് നമ്മൾ വിശ്വസിക്കേണ്ടിവരുമെന്നും ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
പി.സി. ചാക്കോയുടെ വെളിപ്പെടുത്തലുകളെ കെ. സുധാകരൻ നേരത്തെ തളളിക്കഞ്ഞിരുന്നു. കോൺഗ്രസ് വിടാനുള്ള താൽപര്യം താൻ ചാക്കോയെ അറിയിച്ചുവെന്നത് കള്ളമാണെന്നും സമീപ ദിവസങ്ങളിൽ താൻ അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.