വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ അറ്റ്ലാന്റയിൽ മൂന്ന് മസാജ് പാർലറുകളിൽ നടന്ന വെടിവയ്പിൽ ഏഷ്യൻ വംശജരായ ആറ് സ്ത്രീകളുൾപ്പെടെ എട്ട് പേർ മരിച്ചു. അടുത്തടുത്ത മൂന്ന് മസാജ് പാർലറുകളിലാണ് വെടിവയ്പുണ്ടായത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന റോബർട്ട് ആരോണിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവയ്പുമായി ബന്ധപ്പെട്ട സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. സ്പാകൾ കാണുമ്പോൾ അവ നശിപ്പിക്കണമെന്ന് തനിക്ക് തോന്നാറുണ്ടെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. പരസ്പരബന്ധമില്ലാതെയാണ് ഇയാൾ സംസാരിക്കുന്നതെന്ന് പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മസാജ് പാർലറുകളിൽ പരിശോധന നടത്തിയ പൊലീസ് സമീപത്തെ സ്ഥാപനങ്ങളും പരിശോധിച്ചു. പ്രദേശത്ത് പെട്രോളിംഗ് വർദ്ധിപ്പിച്ചതായും കേസ് അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.