കോ- ലീ- ബി സഖ്യം ശരിവച്ച് ഒ. രാജഗോപാൽ
ചെങ്ങന്നൂർ ഡീൽ ആയുധമാക്കാൻ യു.ഡി.എഫ്
തിരുവനന്തപുരം: ചെങ്ങന്നൂർ സീറ്റിന്റെ പേരിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രഹസ്യധാരണ ആരോപിച്ച് ആർ.എസ്.എസ് മുഖപത്രം മുൻ എഡിറ്റർ ആർ. ബാലശങ്കർ പൊട്ടിച്ച വെടിക്കു പിന്നാലെ, വിവാദ കോൺഗ്രസ്- ലീഗ്- ബി.ജെ.പി സഖ്യം യാഥാർത്ഥ്യമായിരുന്നുവെന്ന ഒ.രാജഗോപാൽ എം.എൽ.എയുടെ വെളിപ്പെടുത്തൽ കൂടി വന്നതിന്റെ ഇരട്ടക്കുരുക്കിൽ ബി.ജെ.പി.
ബാലശങ്കറിന്റെ ആരോപണം യു.ഡി.എഫ് പ്രചാരണായുധമാക്കുന്നതിനിടെയാണ്, സി.പി.എമ്മിന് തിരിച്ചടിക്കാൻ വിഷയം നൽകി രാജഗോപാലിന്റെ പ്രസ്താവന. നേരത്തേ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കോ- ലീ- ബി സഖ്യം പാർട്ടി പരീക്ഷിച്ചിട്ടുണ്ടെന്നും, അതിന്റെ നേട്ടം ബി.ജെ.പിക്ക് കൈവന്നിട്ടുണ്ടെന്നുമായിരുന്നുമായിരുന്നു രാജഗോപാലിന്റെ വെളിപ്പെടുത്തൽ. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ, പാർട്ടിക്ക് നേട്ടമുണ്ടാക്കുന്ന ഇത്തരം അഡ്‌ജസ്റ്റ്മെന്റുകൾ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കെ. മുരളീധരൻ ശക്തനാണെന്ന് രാജഗോപാൽ ആവർത്തിച്ചതും നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനിലടക്കം അസ്വസ്ഥതയുണർത്തുന്നു.
ബാലശങ്കറിന്റെ ആരോപണം, അദ്ദേഹത്തിന് ചെങ്ങന്നൂരിൽ സീറ്റ് ലഭിക്കാഞ്ഞതിന്റെ വൈകാരിക പ്രതികരണമെന്നു പറഞ്ഞ് തലയൂരാൻ ശ്രമിക്കുന്നതിനിടെയാണ്, മുതിർന്ന നേതാവിൽ നിന്നു തന്നെ ബി.ജെ.പിക്ക് കോ- ലി- ബി കുരുക്ക്. അതേസമയം, ബി.ജെ.പി നേതാക്കളുടെ പ്രസ്താവന പരസ്പരം പ്രചാരണായുധമാക്കാനുള്ള നീക്കത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും. 35 സ്ഥാനാർത്ഥികൾ ജയിച്ചാൽ ബി.ജെ.പി കേരളം ഭരിക്കുമെന്ന പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ അവകാശവാദം, ബാക്കിയുള്ളത് കോൺഗ്രസിൽ നിന്നെടുക്കാമെന്നതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിക്കുകയും ചെയ്തു.
കോന്നിയിൽ കെ. സുരേന്ദ്രന് സഹായം കിട്ടാൻ ആറന്മുളയിലും ചെങ്ങന്നൂരിലും ദുർബല സ്ഥാനാർത്ഥികളെ ബി.ജെ.പി മത്സരിപ്പിക്കുന്നുവെന്നാണ് ബാലശങ്കർ ആരോപിച്ചത്. ഇടത് തുടർഭരണമുറപ്പാക്കാൻ സംസ്ഥാനത്തെമ്പാടും സി.പി.എം- ബി.ജെ.പി ധാരണയുണ്ടെന്ന തങ്ങളുടെ ആരോപണം ശരിവയ്‌ക്കുന്നതെന്ന് പറഞ്ഞ്, യു.ഡി.എഫ് നേതാക്കൾ പിന്നാലെ രംഗത്തെത്തി. ഇതിനു തടയിടാനും ന്യൂനപക്ഷ വോട്ടുബാങ്കുകളെ അടുപ്പിച്ചുനിറുത്താനും പുതുച്ചേരിയിലെയും ത്രിപുരയിലേയുമടക്കം ഉദാഹരണങ്ങൾ നിരത്തി സി.പി.എം പ്രത്യാക്രമണത്തിന് ഒരുങ്ങുകയും ചെയ്യുന്നു.
അതിനിടെ, ശബരിമല യുവതീ പ്രവേശന വിധിയെ അനുകൂലിച്ച നിലപാട് ശരിവച്ചും കടകംപള്ളിയുടെ ഖേദപ്രകടനത്തെ തള്ളിയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രതികരണം ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിക്കാൻ കിട്ടിയ സുവർണാവസരമായി മുതലെടുക്കാനാണ് കോൺഗ്രസ്, ബി.ജെ.പി നീക്കം.