
കൊച്ചി: ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ നോട്ടീസ് ഇറക്കിയെന്ന കേസിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ധനേഷ് പ്രഭാകരൻ, അരുൺ അരവിന്ദ്, സുജയ് സുബ്രഹ്മണ്യൻ, ടി.എ. ലെനിൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. മതസൗഹാർദം തകർക്കും വിധം പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്.
അറസ്റ്റിന് സാദ്ധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവർ സമർപ്പിച്ച ജാമ്യ ഹർജിയാണ് ജസ്റ്റിസ് അശോക് മേനോൻ പരിഗണിച്ചത്. പ്രതികൾ അന്വേഷണ ഉദ്യോസ്ഥൻ മുൻപാകെ ഹാജരാവണം. അറസ്റ്റ് ചെയ്യുകയാണങ്കിൽ അമ്പതിനായിരം രൂപയും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലും വിട്ടയക്കാനും കോടതി നിർദേശിച്ചു.
കുറുമശ്ശേരിയിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെയാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ നോട്ടീസ് ഇറക്കിയത്. കടയ്ക്ക് മുന്നിൽ ഹലാൽ വിഭവങ്ങൾ ലഭിക്കുമെന്ന സ്റ്റിക്കർ കടയുടമ പതിപ്പിച്ചിരുന്നു. ഇത് നീക്കം ചെയ്തില്ലങ്കിൽ പ്രക്ഷോഭവും ബഹിഷ്‌ക്കരണവും സംഘടിപ്പിക്കുമെന്നായിരുന്നു നോട്ടീസിലെ മുന്നറിയിപ്പ്. സാമൂഹിക മാദ്ധ്യമങ്ങളിൽ വിഷയം ചർച്ചയായതോടെ പൊലീസ് ഇടപെട്ട് കേസെടുക്കുകയായിരുന്നു.