
ന്യൂഡൽഹി: കാശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യ നീക്കം നടത്തുകയാണെങ്കിൽ ഇരു രാജ്യങ്ങൾക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സംസ്‌കാരമുളള അയൽക്കാരെ പോലെ പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെ പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷെ അത് ഫലവത്തായില്ലെന്നും ഇരുരാജ്യങ്ങളെയും തടയുന്ന ഒരേയൊരു അടിസ്ഥാനപരമായ പ്രശ്നം കാശ്മീരാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാകിസ്ഥാൻ നാഷണൽ സെക്യൂരിറ്റി ഡിവിഷൻ സംഘടിപ്പിച്ച ഇസ്ലാമാബാദ് സെക്യൂരിറ്റി ഡയലോഗ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദഹം.
മദ്ധ്യേഷ്യയിലേക്കുളള സൗഹൃദവും വ്യാപാരബന്ധവും വർദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങൾക്കും പ്രശ്ന പരിഹാരം ഗുണകരമാകും. കാശ്മീർ പ്രശ്നം മാത്രമാണ് ഇരു രാജ്യങ്ങളെയും ഇതിൽ നിന്നും പിന്നോട്ടടിക്കുന്നത്. ഇതിനായി ഞങ്ങളുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാകും. പക്ഷേ ഇന്ത്യ ആദ്യചുവട് സ്വീകരിക്കണം. അവർ ആദ്യചുവട് സ്വീകരിക്കുന്നതുവരെ, നിർഭാഗ്യവശാൽ നമുക്ക് മുന്നോട്ട് നീങ്ങാനാകില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
Prime Minister Imran Khan delivering the inaugural address of Islamabad Security Dialogue.@ImranKhanPTI https://t.co/Gc2t34pB72
— Government of Pakistan (@GovtofPakistan) March 17, 2021
ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയതിനു പിന്നാലെ പാകിസ്ഥാൻ ഇന്ത്യയുമായുളള എല്ലാ വ്യാപാര ബന്ധങ്ങളും ഉപേക്ഷിച്ചിരുന്നു. അന്താരാഷ്ട്ര വേദികളിൽ കാശ്മീർ പ്രശ്നം ഉന്നയിക്കുക എന്നത് പാകിസ്ഥാൻ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. പ്രത്യേകിച്ചും 2019 ഓഗസ്റ്റിൽ ഇന്ത്യൻ സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം.
കഴിഞ്ഞ വർഷം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ വിളിച്ചുചേർത്ത സാർക്ക് നേതാക്കളുടെ വെർച്വൽ യോഗത്തിലും പാകിസ്ഥാൻ കാശ്മീർ പ്രശ്നം ഉന്നയിച്ചിരുന്നു. കാശ്മീർ പ്രശ്നം പരാമർശിക്കാനുളള സാദ്ധ്യത മുന്നിൽക്കണ്ട് ശ്രീലങ്കൻ സന്ദർശന വേളയിൽ ഇമ്രാൻ ഖാൻ ശ്രീലങ്കൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് നടത്താനിരുന്ന പ്രസംഗം അവിടുത്തെ സർക്കാർ വേണ്ടെന്ന് വച്ചിരുന്നു.