kc-venugopal

തിരുവനന്തപുരം: യുഡിഎഫിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് നേതാക്കന്മാരെല്ലാം കൂട്ടായി ആലോചിച്ചാണെന്ന് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സീറ്റ് വിഭജനം കൂട്ടായതീരുമാനമായിരുന്നുവെന്നും, തനിക്കതിൽ ഒരു ഉദ്ദേശ്യവുമില്ലായിരുന്നെന്നും കെസി വ്യക്തമാക്കി.

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെയുള്ള യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനമുണ്ടാകും. തർക്കങ്ങൾ എല്ലാംതന്നെ കോൺഗ്രസ് കുടുംബത്തിലെ ചെറിയൊരു കലഹമായി കണ്ടാൽ മതി. ഇത്തവണത്തേത് ജയസാദ്ധ്യത മാത്രം മുന്നിൽ കണ്ടുള്ള സ്ഥാനാർത്ഥി നിർണയമാണെന്നതിൽ സംശയമില്ലെന്ന് വ്യക്തമാക്കിയ വേണുഗോപാൽ, കെ സുധാകരന്റെ വിമർശനങ്ങൾ മറുപടി പറയാനില്ലെന്നും കൂട്ടിച്ചേർത്തു.

ഇത്തവണ വിജയ സാദ്ധ്യത ഏറെയാണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് കോൺഗ്രസിന് കോൺഗ്രസിന്റെതായ ശൈലിയുണ്ട്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ തീരുമാനിക്കും ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന്. താൻ എന്തായാലും മുഖ്യമന്ത്രിയാകാനില്ലെന്നും, അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നതിനായുള്ള പ്രവർത്തനങ്ങളിൽ മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.