vattiyoorkavu-candidates

തിരുവനന്തപുരം: കേരളത്തിലെ നിയമസഭതിരഞ്ഞെടുപ്പിൽ എപ്പോഴും ശ്രദ്ധ നേടുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. പലപ്പോഴും ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ വട്ടിയൂർക്കാവിൽ ഇത്തവണയും വാശിയേറിയ മത്സരം തന്നെയാകും നടക്കുക. ലോക്‌സഭയ‌്ക്കു വേണ്ടി മുരളീധരൻ വടകരയ‌്ക്ക് വണ്ടി കയറിയപ്പോൾ മേയർ ബ്രോ ഇമേജിൽ വികെ പ്രശാന്ത്, കോൺഗ്രസിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

ഹിന്ദുവോട്ടുകൾക്ക് പ്രത്യേകിച്ച് നായർ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. അതുകൊണ്ടുതന്നെ ബിജെപിയ‌്ക്കും വട്ടിയൂർക്കാവ് ഒരു ശുഭപ്രതീക്ഷയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ലീഡ് ചെയ്‌തതെങ്കിലും എൽഡിഎഫിനെ പിന്തള്ളി രണ്ടാമതെത്താൻ ബിജെപിയ‌്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥിതി മാറി. പ്രശാന്ത് തുടങ്ങിവച്ച വികസനപ്രവർത്തനങ്ങളുടെ ചിറകേറി ഇടതുപക്ഷം ഒന്നാമതെത്തി. എൽഡിഎഫ്–37628, യുഡിഎഫ്–27191, എൻഡിഎ– 34780 എന്നിങ്ങനെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുനില.

ഇത്തവണയും പ്രശാന്തിന്റെ ജനപ്രീതി വോട്ടാക്കുകയാണ് ഇടതിന്റെ ലക്ഷ്യം. മുൻ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായ സംഘടനാ സംവിധാനത്തിലെ പിഴവുകൾ പ്രശാന്ത് സ്ഥാനാർത്ഥിയായതോടെ അകന്നു. സിപിഎമ്മിൽ നിന്നു ചോർന്ന വോട്ടുകൾ തിരിച്ചെത്തിയതിനൊപ്പം വിവിധ വിഭാഗങ്ങളുടെ പിന്തുണ ആർജിക്കാനും മുന്നണിക്കായി.

നായർ വോട്ടുകൾ കൂടിലക്ഷ്യമിട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ വീണ എസ് നായരെ കോൺഗ്രസ് രംഗത്തെിറക്കിയിരിക്കുന്നത്. യുവാക്കൾക്ക് പ്രാതിനിദ്ധ്യം എന്ന തുറുപ്പുചീട്ട് പ്രശാന്തിലൂടെ ഇറക്കിയ എൽഡിഎഫ് തന്ത്രത്തിനുള്ള മറുപടി കൂടിയാണ് വീണയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ കോൺഗ്രസ് നേതൃതം നൽകുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ രണ്ടാമതെത്തിയ മണ്ഡലം പിടിക്കാൻ ജില്ലാ പ്രസിഡന്റ് വിവി രാജേഷിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. 2014ൽ ഒ രാജഗോപാൽ 43,589 വോട്ടുകൾ നേടിയപ്പോൾ, 2019ൽ കുമ്മനം അത് 50,709 ആയി ഉയർത്തി.

നായർ സമുദായമാണ് ഭൂരിപക്ഷമെങ്കിലും ഈഴവ, ദളിത് വിഭാഗങ്ങൾക്കും നിർണായക സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടർമാർ 1,95,601. ഇതിൽ ക്രിസ്‌ത്യൻ മുസ്ലിം വിഭാഗങ്ങൾ 25 ശതമാനത്തോളമുണ്ട്.