
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്ന ഗുരുതര ആരോപണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. 140 മണ്ഡലങ്ങളിലും സംഘടിതമായി വ്യാജവോട്ടർമാരെ ചേർത്തതിൽ ഗൂഢാലോചനയുണ്ടെന്നും, മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക സൂക്ഷ്‌മമായി പരിശോധിച്ച് കള്ളവോട്ടുകൾ നീക്കിയ ശേഷമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഴ് മണ്ഡലങ്ങളിലെ കള്ളവോട്ട് സംബന്ധിച്ച തെളിവുകളാണ് വാർത്താസമ്മേളനത്തിൽ ചെന്നിത്തല പുറത്തുവിട്ടത്. എന്നാൽ ഇതിന് ചെന്നിത്തലയെ സഹായിച്ചത് ഐഐഎമ്മിലെ വിദഗ്‌ദ്ധരാണ്. പ്രതിപക്ഷ നേതാവിന്റെ നിർദേശം അനുസരിച്ചാണ് ഇവർ പ്രത്യേക സോഫ്‌റ്റ്‌വെയർ തയ്യാറാക്കി പരിശോധന നടത്തിയത്. പേര്, ഫോട്ടോ, തിരിച്ചറിയൽ കാർഡ്, വിലാസം, ബന്ധുത്വം എന്നിങ്ങനെ എല്ലാസാമ്യങ്ങളും കണ്ടെത്തുന്ന സാങ്കേതിക സംവിധാനമാണ് ഉപയോഗിച്ചത്. പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയത്.
ഒരു മണ്ഡലത്തിൽത്തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേർത്തിരിക്കുകയാണ്. ഒരേ വിലാസവും ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്തത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തിൽ തന്നെ നിരവധി തിരിച്ചറിയൽ കാർഡുകളും നൽകി. ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടർ ഒരേ പേരിലും വിലാസത്തിലും അഞ്ച് തവണയാണ് പേര് ചേർത്തത്.
കഴക്കൂട്ടത്ത് മാത്രം ഇത്തരത്തിൽ 4506 കള്ളവോട്ടർമാരെയാണ് കണ്ടെത്തിയത്. കൊല്ലം 2534, തൃക്കരിപ്പൂർ 1436, കൊയിലാണ്ടി 4611, നാദാപുരം 6171, കൂത്തുപറമ്പ് 3525, അമ്പലപ്പുഴ 4750 എന്നിങ്ങനെയാണ് കള്ളവോട്ടർമാരുടെ എണ്ണം.
ആറ്റിങ്ങൽ മോഡൽ
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ അടൂർ പ്രകാശാണ് ഈ പരീക്ഷണം ആദ്യം നടത്തിയത്. 1,12,322 ഇരട്ടവോട്ടുകളാണ് ആറ്റിങ്ങലിൽ കണ്ടെത്തിയത്. ഇത് അംഗീകരിക്കാൻ കളക്‌ടർ തയ്യാറായില്ല. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. കമ്മിഷന്റെ നിർദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ വോട്ടുകൾ ആവർത്തിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ വോട്ടുകൾ നീക്കാനുള്ള സമയം അന്ന് ഉണ്ടായിരുന്നില്ല. ഇരട്ട വോട്ടുകൾ ബൂത്ത് അടിസ്ഥാനത്തിൽ കണക്കാക്കി യു.ഡി.എഫ്. പ്രിസൈഡിംഗ് ഓഫീസർമാർക്കും ബൂത്ത് ഏജന്റുമാർക്കും കൈമാറി. 54,000 വോട്ടുകൾ ഇതിലൂടെ തടയാനായെന്നാണ് യു.ഡി.എഫിന്റെ കണക്ക്. കള്ളവോട്ടിന് ശ്രമിച്ച ഒരാളെ പിടികൂടാനുമായി. 38,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ ജയിക്കുന്നത്.
അട്ടിമറി ഉദ്യോഗസ്ഥരുടെ സഹായത്താൽ?
ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇരട്ടവോട്ടുകൾ ചേർക്കാൻ കഴിയില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഭരണകക്ഷിയോടു കൂറുള്ള ഉദ്യോഗസ്ഥരാകാം ഇത് ചെയ്തതെന്നും, അട്ടിമറിക്കായി ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ടാകാമെന്നും ചെന്നിത്തല പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ച് വോട്ടുള്ള കുമാരി കോൺഗ്രസുകാരി
കാസർകോട് : കാസർകോട് ജില്ലയിൽ സി.പി.എം വ്യാപകമായി കള്ളവോട്ട് ചേർക്കുന്നുവെന്ന ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെട്ടിലായി. ഉദുമ മണ്ഡലത്തിൽ കുമാരി എന്ന പേരിൽ സി.പി.എം അഞ്ച് വോട്ട് ചേർത്തെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. താനും ഭർത്താവും കോൺഗ്രസ് അനുഭാവികളാണെന്ന് പുല്ലൂർ പെരിയ പഞ്ചായത്തിലെ നാലാം വാർഡായ ചെങ്ങറ കോളനിയിൽ താമസിക്കുന്ന കുമാരി വ്യക്തമാക്കിയതോടെയാണ് ചെന്നിത്തലയുടെ ആരോപണം തിരിച്ചടിച്ചത്.
പരമ്പരാഗത കോൺഗ്രസ് കുടുംബമാണ് തങ്ങളുടേതെന്നും, കോൺഗ്രസ് പ്രാദേശിക നേതാക്കളാണ് വോട്ട് ചേർക്കാൻ സഹായിച്ചതെന്നും കുമാരി വ്യക്തമാക്കി. ഒരു വോട്ട് മാത്രമേ ചെയ്തിട്ടുള്ളുവെന്നും കൂടുതൽ വോട്ടുള്ള കാര്യമറിയില്ലെന്നും ഇവർ പറഞ്ഞു. ആർ ഡി ക്യൂ 1464478 എന്ന നമ്പരിലാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുളളത്. അഞ്ച് വ്യത്യസ്ത നമ്പരിൽ വോട്ടുള്ള കാര്യം പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും ഇവർ പറയുന്നു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ കുമാരിയും ഭർത്താവ് രവീന്ദ്രനും 13 വർഷം മുമ്പാണ് പെരിയ നാലക്രയിലെ ചെങ്ങറ പുനരധിവാസ കോളനിലെത്തിയത്. ഉദുമയിലും തൃക്കരിപ്പൂരും പരാജയം ഉറപ്പായപ്പോൾ ചെന്നിത്തല നുണയുമായി ഇറങ്ങിയിരിക്കുകയാണെന്ന് സി പി എം ആരോപിച്ചു.