walayar-mother

കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്നത് വിജയിക്കാനല്ലെന്നും തനിക്ക് നേരിട്ട നീതി നിഷേധത്തിന്റെ കാരണം ചോദിക്കുന്നതിനുള‌ള അവസരമായാണ് ഇതിനെ കാണുന്നതെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ. ധർമ്മടത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. താൻ നേരിട്ട അനീതിയും പ്രയാസവും ധർമ്മടത്തെ ജനങ്ങളോട് തുറന്നുപറയുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

നിവൃത്തിയില്ലാതെ വന്നപ്പോഴാണ് സർക്കാർ സിബിഐ അന്വേഷണത്തിന് കൊടുത്തത്. മൂത്ത മകളുടെ മരണത്തിന്റേത് മാത്രമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇളയ മകളുടെ മരണം സിബിഐ അന്വേഷണത്തിന് വിട്ടിട്ടില്ല. ഈ നീതി നിഷേധം നേരിട്ട് നിന്ന് ചോദിക്കാനുള‌ള അവസരമായാണ് ധർമ്മടത്തെ മത്സരത്തെ കാണുന്നത്. സമരസമിതിയുടെ സ്ഥാനാർത്ഥിയായാണ് മത്സരം. കോൺഗ്രസ് ഉൾപ്പടെ സംഘടനകളുടെ പിന്തുണയുടെ കാര്യം സമരസമിതിയാണ് തീരുമാനിക്കുകയെന്നും അവർ പറഞ്ഞു.

മക്കളുടെ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർ തെ‌റ്റുകാരാണെന്ന് കോടതിയും സർക്കാരും സമ്മതിച്ചു. എന്നിട്ടും അവരെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു. നീതി നിഷേധം ചോദിക്കാനുള‌ള അവസരമാണ് തിരഞ്ഞെടുപ്പ് ഇതിൽ രാഷ്‌ട്രീയം കാണുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു.