
മലയാളികളുടെ സ്വന്തം അഞ്ജു ബോബി ജോർജ് സാഹചര്യങ്ങളോട് പൊരുതി ആത്മ വിശ്വാസക്കുതിപ്പിൽ മുന്നേറിയ കായികതാരമാണ്. ഇന്ത്യയിലെ മികച്ച അത്ലറ്റിനുള്ള ബി..ബി.സി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി അഞ്ജു തന്റെ കരിയറിൽ ഒരു സുവർണമുദ്രയിൽ കൂടി കയ്യൊപ്പ് ചാർത്തി...
അത്ഭുതം... ഇന്ത്യൻ അത്ലറ്റിക്സിലെ സമാനതകളില്ലാത്ത ഇതിഹാസം, അഞ്ജു ബോബി ജോർജിനെ ഒറ്രവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. എൺപതുകളുടെ അവസാനപാദത്തിൽ ചങ്ങനാശേരി ചീരഞ്ചിറയിൽ, ഒന്നുമില്ലായ്മയിൽ നിന്ന് റണ്ണപ്പ് തുടങ്ങുമ്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു അഞ്ജുവിന്റെ കൈമുതൽ. അവിടെ നിന്ന് കാറ്ര് പോലും വെല്ലുവിളിയാകുന്ന ലോംഗ്ജമ്പ് പിറ്റിൽ മെഡലുകളിൽ നിന്ന് മെഡലുകളിലേക്ക് പറന്നെത്തി. ഇന്ത്യയിലെ മറ്രൊരു അത്ലറ്റും ഇതുവരെ നേടിയിട്ടില്ലാത്ത ലോക അത്ലറ്രിക് ചാമ്പ്യൻഷിപ്പിലെ മെഡലും കൈവെള്ളയിലാക്കി അഭിമാനചരിത്രത്തിലേക്ക് ടേക്ക് ഓഫ് ചെയ്തു. ഒരു കായിക താരത്തിന് നൽകുന്ന ഏറ്രവും വലിയ ബഹുമതിയായ ഖേൽ രത്ന നൽകി രാജ്യം ആദരിച്ച അഞ്ജു, തനിക്ക് ജന്മനാ ഒരു വൃക്കയേ ഉള്ളൂവെന്ന് അടുത്തിടെ വെളിപ്പെടുത്തിയത് ആശ്ചര്യത്തോടെയാണ് ലോകം ശ്രവിച്ചത്. ആ തുറന്നു പറച്ചിലിൽ അഞ്ജുവിന്റെ മഹത്വം ലോകം ഒരേ മനസോടെ വാഴ്ത്തി. ഒരു വൃക്കയുമായുള്ള പൊരുതൽ മാത്രമല്ല, പരിക്കിന്റെ രൂപത്തിൽ ഉൾപ്പെടെ ജീവിതട്രാക്കിൽ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്ന എല്ലാ പ്രതിസന്ധികളേയും മറി കടന്നാണ് അഞ്ജു വിജയപീഠം കയറിയത്. ഇപ്പോൾ ബി.ബി.സിയുടെ ആജീവാനന്ത പുരസ്കാരപ്രഭയിൽ തിളങ്ങുന്ന അഞ്ജുവിന്റെ ജീവിത വഴിയിലേക്ക് ഒരു ലോംഗ് ജമ്പ്.
ഒരു വൃക്കയെന്ന വെല്ലുവിളി
കഴിഞ്ഞ ഡിസംബറിലാണ് ജന്മനാ തനിക്ക് ഒരു വൃക്കയേ (റീനൽ അജെനസിസ്) ഉള്ളൂവെന്ന യാഥാർത്ഥ്യം ട്വിറ്രർ അക്കൗണ്ടിലൂടെ അഞ്ജു വെളിപ്പെടുത്തിയത്. അത്ലറ്രിക്സിൽ മിന്നി നിൽക്കുന്ന ഇരുപതുകളിലാണ് തനിക്ക് ഒരു വൃക്കേയേ ഉള്ളൂവെന്ന സത്യം അഞ്ജു മനസിലാക്കുന്നത്. വിവാഹിതയായിരുന്നു ആ സമയം. അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്ന സമയമായതിനാൽ രക്തപരിശോധന മൂന്നുമാസത്തിലൊരിക്കൽ നടത്തുമായിരുന്നു. അപ്പോഴാണ് രക്തത്തിലെ ചില ഘടകങ്ങളിൽ അസ്വഭാവികതയുള്ളത് അറിയുന്നത്. അതുപോലെ പരിക്കുള്ള സമയത്ത് വേദനസംഹാരികൾ കഴിച്ചാൽ അലർജിയും അസ്വസ്ഥതയും ഉണ്ടാകുമായിരുന്നു. ഒരിക്കൽ അബോധാവസ്ഥയിലുമായി. തുടർന്ന് വിദഗ്ദ്ധ പരിശോധനയും സ്കാനിംഗും നടത്തിയപ്പോഴാണ് ഒരു വൃക്കയേയുള്ളൂവെന്നറിയുന്നത്. ആ സമയം തകർന്നുപോയെന്നും കായികരംഗത്ത് തുടരാൻ കഴിയില്ലെന്ന് പേടിച്ചെന്നും അഞ്ജു ഓർക്കുന്നു. അപ്പോൾ ധൈര്യം നൽകിയത് ബോബിയാണ്. ഇതുവരെ എങ്ങനെയോ അങ്ങനെ തുടരാൻ ബോബി പറഞ്ഞു. പരിശീലന രീതികളിൽ മാറ്രങ്ങൾ വരുത്തി. ഈ സത്യം അറിഞ്ഞു കൊണ്ടാണ് ലോക അത്ലറ്രിക് ചാമ്പ്യൻഷിപ്പിലും ലോക അത്ലറ്രിക് ഫൈനലിലുമെല്ലാം മത്സരിച്ച് മെഡലുകൾ നേടിയത്.

കൊവിഡ് പ്രതിസന്ധിയിലുണ്ടായ ലോക്ക്ഡൗണിൽ ആളുകൾ ആകെ നിരാശരായി ഇരിക്കുന്ന സമയത്ത് എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ എന്ന് കരുതിയാണ് പിന്നീട് ഇക്കാര്യം വെളിപ്പെടുത്തിയത്. ജോലി നഷ്ടപ്പെട്ടവർക്കും ചെറിയ ഒരു പരിക്ക് വന്നാൽ എല്ലാം തകർന്നുവെന്ന് കരുതുന്നവർക്കുമെല്ലാം എന്റെ വെളിപ്പെടുത്തൽ ഒരു പ്രചോദനമാകട്ടേ എന്നായിരുന്നു ചിന്ത. ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ റീച്ച് കിട്ടി. ഒത്തിരിപ്പേർ വിളിച്ചു, പലർക്കും ഈ വെളിപ്പെടുത്തൽ മുന്നോട്ടേക്ക് കുതിക്കാനുള്ള ഊർജമായി, അത് വലിയൊരു സന്തോഷമാണ് - അഞ്ജു പറഞ്ഞു. ഒരു വൃക്കയുമായി രാജ്യാന്തര മെഡൽ നേടിയിട്ടുള്ള മറ്റൊരു അത്ലറ്റിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല എന്നിടത്താണ് ആ പൊരുതലിന്റെ പിന്നിലുള്ള ആർജ്ജവമുള്ള മനസ് തിരിച്ചറിയുന്നത്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള അഞ്ജു ബോബി അക്കാഡമിയിൽ 13 കുട്ടികളാണിപ്പോഴുള്ളത്. കേരളത്തിൽ നിന്ന് നിലവിൽ ആരും ഇല്ല. ബംഗളൂരുവിലെ സായിയുടെ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. നല്ലൊരു സ്പോൺസറുടെ അഭാവം വലിയ വെല്ലുവിളിയാണ്. നേരത്തേ സ്വന്തം പണം തന്നെയാണ് അക്കാഡമി നടത്തിപ്പിന് ഉപയോഗിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞയിടെ കേന്ദ്രസഹായം അനുവദിച്ചിരുന്നു.
അഞ്ജു കായികമന്ത്രിയായാൽ
താത്പര്യമില്ലാത്ത മേഖലയെന്ന് പറയുന്നുണ്ടെങ്കിലും കായികമന്ത്രിയായാൽ എന്തൊക്കെ ചെയ്യും എന്നൊരു രൂപരേഖ അഞ്ജുവിനുണ്ട്. അഞ്ജുവിന്റെ വാക്കുകളിൽ നിന്ന് - 'ഞാൻ കായിക മന്ത്രിയായാൽ എന്നെ ആരും ഒന്നും പഠിപ്പിക്കണ്ട ആവശ്യമില്ല. കാരണം എന്ത് ചെയ്യണം, കായികമേഖലയ്ക്കും താരങ്ങൾക്കും എന്താണ് ആവശ്യം എന്ന് എനിക്കറിയാം. നീരജ് യാദവിനേയും ഹിമ ദാസിനേയും പോലുള്ള മികച്ച പ്രതിഭകൾ നാളെയുടെ വാഗ്ദാനങ്ങളായി നമുക്ക് മുന്നിലുണ്ടെന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ കൂടുതൽ മെഡലുകൾ നേടാൻ കൃത്യമായൊരു പദ്ധതി നമുക്ക് വേണം. കഴിഞ്ഞ കാലങ്ങളിലെല്ലാം മികച്ച ആസൂത്രണത്തിന്റെ അഭാവം നമുക്കുണ്ടായിരുന്നു. കായികരംഗത്തെ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി ഭാവിയിലേക്ക് മികച്ച പദ്ധതി തയ്യാറാക്കി പ്രവർത്തിക്കും". രാഷ്ട്രീയപ്രവേശനം ഇപ്പോൾ ഇല്ലെന്ന് പറയുമ്പോഴും നാളെ അത് സംഭവിച്ചു കൂടായ്കയില്ലെന്ന സൂചനയും അഞ്ജു തരുന്നു. നിലവിൽ അത്ലറ്രിക്ക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റായ അഞ്ജു ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ്. മക്കളായ പത്ത് വയസുകാരൻ ആരണും ഏഴ് വയസുകാരി ആൻഡ്രിയയും കായിക രംഗത്ത് പിച്ചവച്ച് തുടങ്ങിയിട്ടുണ്ട്.

അമ്മയുടെ നാവ് പൊന്നായി
ചീരഞ്ചിറയിലെ കൊച്ചുപറമ്പിൽ കുടുംബത്തിൽ കെ.ടി മാർക്കോസിന്റേയും ഗ്രേസിയുടേയും മകളായി 1977 ഏപ്രിൽ 19നാണ് അഞ്ജുവിന്റെ ജനനം. തങ്ങളുടെ മക്കളെ പ്രത്യേകിച്ച് പെൺകുട്ടികളെ കായികതാരമാക്കണം എന്ന് ഇന്ത്യയിൽത്തന്നെ ആരും ചിന്തിക്കാത്തൊരു കാലഘട്ടത്തിൽ പക്ഷേ മാർക്കോസും ഗ്രേസിയും മാറി ചിന്തിച്ചു. അതിനായി അവർ ആദ്യം ചെയ്തത് കുഞ്ഞ് അഞ്ജുവിനെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് മലയാളം മീഡിയത്തിലേക്ക് മാറ്റുകയായിരുന്നു. അന്ന് പലരും അതിനെ എതിർത്തെങ്കിലും ആ മാതാപിതാക്കളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അതെല്ലാം നിർവീര്യമായി. കായികതാരമാകാനുള്ള കഴിവും ആഗ്രഹവുമുണ്ടായിട്ടും സാഹചര്യങ്ങൾ മൂലം അതിന് കഴിയാതെ പോയ അമ്മ ഗ്രേസിക്കായിരുന്നു കൂടുതൽ വാശി. ചോദിക്കുന്നവരോടെല്ലാം ആ അമ്മ പറഞ്ഞു- അവൾക്ക് കഴിവുള്ള മേഖലയാണത്, അതിൽ അവൾ ഏറ്രവും ഉന്നതിയിലെത്തും. ആ അമ്മയുടെ വാക്കുകൾ അക്ഷരം പ്രതി സത്യമായിരുന്നെന്ന് പിന്നീട് കാലം തെളിയിച്ചു.
കോഴി കൂവല്ലേയെന്ന്
പ്രാർത്ഥിച്ച ബാല്യം
ഓടാനും ചാടാനുമൊക്കെ താത്പര്യമുണ്ടായിരുന്നെങ്കിലും അതിരാവിലെ എഴുന്നേൽക്കുകയെന്നത് അഞ്ജുവിന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമായിരുന്നു. എല്ലാവരും കൂർക്കം വലിച്ച് കിടന്നുറങ്ങുമ്പോൾ വെളുപ്പിന് നാലു മണിക്ക് എഴുന്നേൽക്കണം. എങ്കിലേ അഞ്ചുമണിയാകുമ്പോൾ പരിശീലനത്തിന് മൈതാനത്ത് എത്താൻ കഴിയൂ. അന്ന് നാല് മണിയാകാറാകുമ്പോൾ ഒരു കോഴി കൂവുമായിരുന്നുവെന്ന് അഞ്ജു ഓർക്കുന്നു. ആ കൂവലായിരുന്നു അഞ്ജുവിന്റെ അലാറം. എല്ലാ ദിവസവും കോഴി കൂവല്ലേയെന്ന് പ്രാർത്ഥിച്ചാണ് കിടക്കുന്നത്. പക്ഷേ എന്നും ആ കോഴി കൃത്യമായി കൂവും. വെറുപ്പോടെയാണ് എഴുന്നേറ്രിരുന്നതെങ്കിലും തന്നെ കായികതാരമാക്കുന്നതിൽ ആ കോഴിക്കും ഒരു പങ്കുണ്ടായിരുന്നെന്ന് ചെറുചിരിയോടെ അഞ്ജു പറയുന്നു. എന്നും രാവിലെ പുഴുങ്ങിയ മുട്ടയും പഴവും കഴിക്കുന്നതും അഞ്ജുവിന് വലിയൊരു ടാസ്കായിരുന്നു. നാലുമണിക്ക് മുമ്പ് എഴുന്നേറ്റ് ഉച്ചയ്ക്കത്തേക്കുൾപ്പെടെയുള്ള ഭക്ഷണം ഉണ്ടാക്കിത്തന്നുവിടുന്ന അമ്മയുടെ സഹനവും ക്ഷമയും കൂടിയാണ് തന്റെ കരിയറെന്ന് അഞ്ജു നിറക്കണ്ണുകളോടെ ഓർക്കുന്നു. പരിശീലന, മത്സരവേദികളിൽ ആദ്യകാലങ്ങളിൽ ഒപ്പമുണ്ടായിരുന്ന പിതാവിനും അഞ്ജുവിന്റെ വിജയങ്ങളിൽ വലിയ പങ്കുണ്ട്. നാലരയ്ക്ക് വീട്ടിൽ നിന്നിറങ്ങി അഞ്ജു ഗ്രൗണ്ടിലെത്തി പരിശീലനത്തിന് ശേഷം, എട്ടു മണിയാകുമ്പോൾ ഒരു കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകും. അവിടെ നിന്ന് കുളിച്ച് വസ്ത്രം മാറി പ്രഭാത ഭക്ഷണം കഴിച്ചിട്ട് നടന്നാണ് സ്കൂളിലേക്ക് പോ

കുന്നത്. വൈകിട്ടും പരിശീലനം ഉണ്ടായിരുന്നു. നാലാം ക്ലാസിന് ശേഷം കോരുത്തോട് സ്കൂളിൽ തോമസ് മാഷിനടുത്തെത്തിയതോടെ കളി കാര്യമായി. ചങ്ങനാശേരിയിൽ നിന്ന് തന്റെ കൂടെ വന്ന നാല് കുട്ടികൾക്കൊപ്പം മാഷിന്റെ വീടിനോട് ചേർന്ന് ഒരു മുറി കെട്ടിയുണ്ടാക്കി അവിടെ താമസിച്ചായിരുന്നു പരിശീലനം. 1992-ലെ സ്കൂൾ കായികമേളയിൽ 100 മീറ്രർ ഹർഡിൽസ്, ലോംഗ് ജമ്പ്, ഹൈജമ്പ്, റിലേ എന്നിവയിൽ സമ്മാനം നേടി പെൺകുട്ടികളിൽ ഏറ്രവും മികച്ച താരമായി. ആ വർഷം ദേശീയ സ്കൂൾ കായിക മേളയിൽ 100മീറ്റർ ഹർഡിൽസിലും റിലേയിലും മെഡൽ നേടിയതോടെ അഞ്ജു ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. വിമല കോളേജിൽ പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്രി ചാമ്പ്യനായി. ഹെപ്റ്രാത്തലൺ താരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോൾ പ്രശസ്ത കോച്ച് ടി.പി. ഔസേപ്പാണ് ജമ്പിംഗ് പിറ്റിലേക്ക് മാത്രമായി അഞ്ജുവിനെ വഴിതിരിച്ചുവിടുന്നത്.
ബോബിയുടെ ബേബി
അഞ്ജു മാർക്കോസ് എന്ന ദേശീയ താരത്തെ അഞ്ജു ബോബി ജോർജെന്ന അന്താരാഷ്ട്ര താരമായി വളർത്തിയെടുത്തത് റോബർട്ട് ബോബി ജോർജാണ്. ഇതിഹാസ ബോളിബാൾ താരം ജിമ്മി ജോർജിന്റെ സഹോദരൻ. അഞ്ജുവിനെ ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ അത്ലറ്രായി ബോബി മാറ്റി. ലോംഗ് ജമ്പിൽ മാത്രം ശ്രദ്ധിക്കാൻ നിർദ്ദേശിച്ചതും ബോബിയായിരുന്നു. മറ്റുതാരങ്ങളുടേയും മത്സരവേദികളുടേയും പ്രത്യേകതകൾ കൃത്യമായി പഠിച്ചിട്ടാണ് ബോബി അഞ്ജുവിനെ മത്സരിപ്പിക്കാനിറക്കിയിരുന്നത്. കോച്ച് മാത്രമല്ല, അനലിസ്റ്റും കൂടിയായിരുന്നു ബോബി. പ്രശസ്ത ലോംഗ് ജമ്പ് താരമായിരുന്ന മൈക്ക് പവലിന്റെ കീഴിൽ കുറച്ച് നാൾ പരിശീലനം നടത്തിയെങ്കിലും അമേരിക്കൻ രീതികളോട് പൊരുത്തപ്പെടാൻ കഴിയാതിരുന്ന അഞ്ജുവിനെ വീണ്ടും ട്രാക്കിലാക്കിയതും ബോബി തന്നെ. മത്സരവേദികളിൽ ടെൻഷൻ മറികടക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നതും ബോബിയാണ്. ഇതിനെല്ലാമുള്ള ബഹുമതിയായാണ് ബോബിക്ക് ദ്റോണാചാര്യ പുരസ്കാരം രാജ്യം നൽകിയത്.