
കഴിഞ്ഞ ആഴ്ച പ്രതിപാദിച്ച പിരിയൻ രൂപത്തിന്റെ തുടർച്ചയാണ്. പിരിയൻ രൂപത്തിലേയ്ക്ക് വീട് മാറ്റപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. വീട്ടിലും വസ്തുവിലും തെക്കുപടിഞ്ഞാറെ ഭാഗം, വടക്കു കിഴക്കേ ഭാഗം, വടക്ക് പടിഞ്ഞാറെഭാഗം എന്നിവ യാതൊരു തരത്തിലും ഉയർന്നു പോകാതെ നോക്കണം. വീടിന്റെ ഭാഗങ്ങളിൽ മാത്രമല്ല, വീടുവിട്ട് നടത്തുന്ന മറ്റുനിർമ്മാണ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. ചെറുതും വലുതുമായ പട്ടണങ്ങളോട് ചേർന്നോ, പ്രധാന റോഡിനോട് ചേർന്നോ ഉള്ള വീടുകളിലും വസ്തുക്കളിലുമാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ കണ്ടുവരുന്നത്. വീടുകളോടടുത്ത് വീടു നിൽക്കുന്ന വസ്തുവിൽ തന്നെ കടകളോ മറ്റ് നിർമ്മാണങ്ങളോ നടത്തി കാണാറുണ്ട്. തെക്കു പടിഞ്ഞാറ് ഇങ്ങനെ നിർമ്മാണം നടത്തുമ്പോൾ വരുമാനം കൂടും .പക്ഷേ മറ്റു വശങ്ങളിൽ ഇതു പോലെ നിർമ്മാണം നടത്തുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. നിർമ്മാണം നടത്തുകയാണെങ്കിൽ വീടിന്റെ പിരിയൻ രൂപം ഊർജവിതരണത്തിന് വിലങ്ങാകരുതെന്ന് സാരം. സാധാരണ ആളുകൾ ഭൂമിയിൽ ചെറിയ ഭൂ തിരിപ്പുകൾ നടത്തിയോ ചെറുമതിൽ കെട്ടിയോ വീടിനു പുറത്ത് നിർമ്മാണം നടത്തി കടയോ, ഔട്ട് ഹൗസോ നിർമ്മിക്കാറുണ്ട്. പക്ഷേ അങ്ങനെ ഒരിക്കലും ചെയ്യരുത്.
വീടിനുളളിലെയും വിടിനോട് ചേർന്ന് പുറത്തെയും ഊർജ അളവുകൾ ഗണിക്കപ്പെടണം. അത് സൂര്യ കോമ്പസിന്റെ സഹായത്തോടെ മനസിലാക്കി മാത്രമേ ചെയ്യാവൂ. ഇത്തരത്തിൽ അളവുകൾ നോക്കി ഓരോ വശവും നന്നായി പഠിച്ചുമാത്രമെ പിരിയൻ രൂപത്തെ ഹനിക്കാതെ പുറത്ത് നിർമ്മാണം നടത്താവൂ.വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമൊഴികെ മറ്റിടങ്ങളിലൊക്കെ കണ്ടംപററി ശൈലിയിൽ ഉയർത്തിയോ തള്ളിയോ താഴ്ത്തിയോ മടക്കിയോ കെട്ടുന്നത് സർവസാധാരണമായി ഇപ്പോൾ കാണാറുണ്ട്.അത് പലരും ശ്രദ്ധിക്കാതെ പോകുമെങ്കിലും വാസ്തുദോഷമായിട്ടാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. ഈ ഭാഗം മേൽ വിവരിച്ച മാതൃകയിലാവുമ്പോൾ അവിടെ സംഭവിക്കുന്നത് പിരിയൻ രൂപത്തിന്റെ നഷ്ടമാണ്. ബാക്കിയെല്ലാം കൃത്യമാക്കുകയും ഇത്തരത്തിൽ ചെറിയ നിർമ്മാണ വൈകല്യങ്ങൾ വരുകയും ചെയ്യുമ്പോൾ അത് എല്ലാ നല്ല ഫലത്തെയും കെടുത്തിക്കളയുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് വീടുകൾ ഇരിക്കുന്ന നിശ്ചിത വസ്തുവിൽ മണ്ണ് ഉയർന്നോ താഴ്ന്നോ ഇരിക്കാം.
എവിടെയാണോ ഉയരേണ്ടത് അവിടെ മാത്രമേ മണ്ണ് ഉയർന്നിരിക്കാൻ അനുവദിക്കാവൂ. പടിഞ്ഞാറേയ്ക്ക് നിൽക്കുന്ന വീടിന് പ്രധാനഗേറ്റ് നേർപടിഞ്ഞാറാണ് വരേണ്ടത്. പകരം വടക്കു പടിഞ്ഞാറേയ്ക്കോ തെക്കു പടിഞ്ഞാറേയ്ക്കോ നിന്നാൽ അവിടെ കടുത്ത വാസ്തുദോഷമാണ് ഉണ്ടാവുക. പിരിയൻ രൂപം ഇല്ലാതാവും. ഓരോ വശത്തിനും ഇത്തരത്തിൽ പ്രാധാന്യം നൽകി വേണം നിർമ്മാണങ്ങൾ നടത്തേണ്ടത്. ഇനി സിറ്റൗട്ട് കന്നി മൂലയിലോ വടക്കു പടിഞ്ഞാറോ തെക്കു കിഴക്കോ വന്നാലും വീടിന്റെ പിരിയൻ രൂപം അപ്രത്യക്ഷമാകും. എന്തിന് വീടിനോട് ചേർന്ന് വടക്കു പടിഞ്ഞാറ് കാർപോർച്ചു വന്നാൽ പോലും ഇതേ കാര്യമാണുണ്ടാവുക. വീടിനോട് ചേർന്ന് കൃത്യമായി ഫൗണ്ടേഷൻ ഇട്ട് കാർച്ച് പോർച്ച് ചെയ്യാവുന്നത് വടക്കു കിഴക്ക് മാത്രമാണ്. സമാനമായ ഏറെ കാര്യങ്ങൾ പരിഗണിച്ചാൽ മാത്രമേ പിരിയൻ രൂപ സംവിധാനം വീടിന് അനുകൂലമാക്കിയെടുക്കാനും അതുവഴി ദോഷങ്ങളെ ഇല്ലാതാക്കി നല്ല ഫലങ്ങൾ ഉണ്ടാക്കാനും ഉപകരിക്കുകയുള്ളൂ. കുഴികളുടെ അവസ്ഥയും സമാനമാണ്. കുഴികൾ നിശ്ചിതഭാഗങ്ങളിലേ വരാവൂ. മറിച്ചായാൽ മണ്ണിൽ ക്രമപ്പെട്ടുവരുന്ന പിരിയൻ രൂപത്തിന് ശോഷണമുണ്ടാവും.