
തിരുവനനന്തപുരം: തങ്ങളുടെ ഗുജറാത്ത് എന്നാണ് നേമത്തെ കേരളത്തിലെ ബി.ജെ.പി നേതൃതം വിശേഷിപ്പിക്കുന്നത്. ഈ അവകാശവാദത്തെ ചിരിച്ചുതള്ളിയാണ് കെ.മുരളീധരന്‍ എന്ന കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളർ നേമം പിടിക്കാൻ ഇറങ്ങുന്നത്. എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് പിന്നിലുള്ള വസ്തുത മറ്റു മുന്നണികള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.
കഴിഞ്ഞ മൂന്നു തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ നേമം ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായത് ദേശീയ തലത്തില്‍ തന്നെ ശക്തനായ ശശി തരൂറാണ്. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം തരൂര്‍ വിജയിച്ചുവെങ്കിലും നേമം നിയോജക മണ്ഡലത്തിലെ വോട്ടുനില പരിശോധിക്കുമ്പോഴാണ് ബി.ജെ.പിയുടെ ആധിപത്യം വ്യക്തമാകുന്നത്.
148 ബൂത്തുകളില്‍ 107യിലും വ്യക്തമായ ലീഡ് നേടിയാണ് 2014ലെ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ നേമത്ത് ഒന്നാമതെത്തിയത്. 50685 വോട്ടുകളാണ് അദ്ദേഹത്തിന് അന്നവിടെ ലഭിച്ചത്. ശശി തരൂര്‍ 20 ബൂത്തുകളില്‍ മുന്നിലെത്തിയപ്പോള്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ബെന്നറ്റ് എബ്രഹാം 19 ബൂത്തുകളില്‍ മാത്രമാണ് ലീഡ് ചെയ്‌തത്. 72ശതമാനം അധികം ബൂത്തുകളില്‍ വ്യക്തമായ ആധിപത്യം അന്ന് ബി.ജെ.പിക്ക് ലഭിച്ചു.
പിന്നീട് 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടിന് ശശി തരൂര്‍ വിജയിച്ചപ്പോഴും നേമത്തിന്റെ കാര്യത്തില്‍ മാത്രം മാറ്റമുണ്ടായില്ല. കുമ്മനം രാജശേഖരന് അന്ന് നേമത്ത് ലഭിച്ചത് 12000 ലേറെ വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷമാണ്. നേമത്തെ ആകെ 180 ബൂത്തുകളില്‍ 125യിലും മേധാവിത്വം ബി.ജെ.പിക്കായിരുന്നു. 45 ബൂത്തുകള്‍ തരൂരിനൊപ്പം നിന്നപ്പോള്‍ വെറു പത്തു ബൂത്തുകള്‍ മാത്രമാണ് എല്‍.ഡി.എഫിനൊപ്പം നിന്നത്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെയാണ് നേമത്ത് കാണാന്‍ സാധിച്ചത്. എല്‍.ഡി.എഫ് തിരുവനന്തപുരം നഗരസഭയിൽ തുടർഭരണം നേടിയെങ്കിലും നേമം നിയോജക മണ്ഡലത്തിലെ വാര്‍ഡുകള്‍ ബി.ജെ.പിക്കൊപ്പം തന്നെ നിന്നു. തിരുവനന്തപുരം നഗരസഭയുടെ 22 വാര്‍ഡുകളാണ് നേമം നിയോജക മണ്ഡലത്തിലുള്ളത്. ഇതില്‍ 14 വാര്‍ഡുകളും ബി.ജെ.പിക്കൊപ്പമാണ്. ഏട്ടു വാര്‍ഡുകള്‍ എല്‍.ഡി.എഫ് നേടി. എന്നാല്‍ ഒരു വാര്‍ഡില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഭൂരിഭാഗം വാര്‍ഡുകളിലും മൂന്നാം സ്ഥാനത്തായിരുന്നുവെന്നുള്ളതാണ് മറ്റൊരു പ്രധാന വസ്തുത.
ഈ കണക്കുകളില്‍ നിന്നും ബി.ജെ.പിക്ക് തന്നെയാണ് നേമം മണ്ഡലത്തില്‍ വ്യക്തമായ മേല്‍കൈ എന്നത് വ്യക്തമാണ്. കഴിഞ്ഞ 10 വര്‍ഷമായി നേമം മണ്ഡലത്തിലെ 65 ശതമാനത്തോളം ബൂത്തുകളിലും ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വമുണ്ട്. ഈ മേധാവിത്വത്തെയാണ് കെ.മുരളീധന്‍ എന്ന സ്ഥാനാര്‍ത്ഥി അദ്ദേഹത്തിന്റെ വ്യക്തിപ്രഭയിൽ മറികടക്കേണ്ടത്. അത്തൊരു സാഹചര്യമുണ്ടായാല്‍ അത് കെ.മുരളീധരന്റെ മഹേന്ദ്രജാലമാണെന്ന കാര്യത്തില്‍ സംശയമില്ല.