
തിരുവനന്തപുരം: എല്ലുമുറിയെ പണിയെടുത്ത് സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ രണ്ട് സെന്റ് ഭൂമിയിൽ ഒരു വീട് വയ്‌ക്കാൻ അനുവദിക്കാതെ ദ്രോഹിച്ച ഇടത് മുന്നണിയ്‌ക്കെതിരെ വ്യത്യസ്‌തമായ പ്രതിഷേധവുമായി ഒരു ഗൃഹനാഥൻ. തിരുവനന്തപുരം ജില്ലയിലെ വെളളനാട് ഇടശേരി സാരംഗിൽ ശ്രീകണ്‌ഠൻ നായർ എന്ന മുൻ സിപിഎം അനുഭാവിയാണ് ഈ പ്രതിഷേധം നടത്തിയത്. വീട് വയ്‌ക്കുന്നത് മുതൽ ഓരോ ഘട്ടത്തിലും തന്നെ ദ്രോഹിച്ച ഇടത് മുന്നണി പ്രവർത്തകർക്ക് പ്രവേശനമില്ലെന്ന ബോർഡ് വീടിന്റെ ഗേറ്റിൽ സ്ഥാപിച്ചാണ് ശ്രീകണ്‌ഠൻ നായരുടെ പ്രതിഷേധം.
2009ലാണ് ശ്രീകണ്‌ഠൻ നായർ വെളളനാട് ബസ്‌സ്‌റ്റാന്റിന് സമീപം രണ്ട് സെന്റ് ഭൂമി വാങ്ങിയത്. ഈ ഭൂമിയിൽ സമീപവാസിയായ ഒരാൾക്ക് അന്നേ കണ്ണുണ്ടായിരുന്നു. തടസമൊന്നുമില്ലാതെ വീട് നിർമ്മിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെയും സഹായം അദ്ദേഹം തേടി.
പഴയ വീട് പൊളിച്ച് പുതിയതിന്റെ പണി ആരംഭിച്ചപ്പോൾ പഞ്ചായത്തിന്റെ ആദ്യ സ്‌റ്റോപ് മെമ്മോ എത്തി. പിന്നീട് വൈദ്യുത കണക്ഷനും കുടിവെളള കണക്ഷനുമെല്ലാം പഞ്ചായത്ത് പ്രസിഡന്റ് തടയിട്ടു. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപളളി സുരേന്ദ്രനോട് ഇതിനെപറ്റി പരാതി പറഞ്ഞെങ്കിലും പരിഹാരമായില്ല. പിന്നീട് അദാലത്ത് നടത്തിയപ്പോൾ മജിസ്‌ട്രേറ്റ് വീടിന് ടൊയിലറ്റ് ടാങ്ക് വയ്‌ക്കാൻ അനുമതി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പഞ്ചായത്ത് അതിനനുവദിച്ചില്ല. സഹായിക്കണമെന്ന അഭ്യർത്ഥന പാർട്ടിയോ പഞ്ചായത്ത് പ്രസിഡന്റോ കേട്ടില്ലെന്നും അതുകൊണ്ട് തന്റെ വീട്ടിലേക്ക് എൽഡിഎഫുകാരെ നിരോധിച്ചിരിക്കുകയാണ് ശ്രീകണ്‌ഠൻ നായർ.