covid

ബ്രസീലിയ: ഒരിടവേളയ്ക്ക് ശേഷം ബ്രസീലിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. ഇപ്പോൾ കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് രണ്ടാമതാണ് ബ്രസീൽ. നേരത്തെ,ഇന്ത്യയായിരുന്നു രണ്ടാം സ്ഥാനത്ത്. ബുധനാഴ്ച മാത്രം രാജ്യത്ത് 90,303 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് ഇതുവരെയുള്ളതിലും വച്ച് ഏറ്റവും വലിയ കണക്കാണെന്നാണ് റിപ്പോർട്ടുകൾ. പ്രതിദിന മരണവും മൂവായിരത്തിലേക്ക് അടുക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലടക്കം കൊവിഡ് വീണ്ടും ശക്തമാകുന്നുണ്ടെങ്കിലും ബ്രസീലിൽ അതിവേഗത്തിലാണ് വ്യാപനം നടക്കുന്നത്. ഇത് പ്രസിഡന്റ് ജെയർ ബൊൾസൊനാരോയേയും ഭരണകക്ഷിയെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിഷയം പരിഗണിക്കാൻ അടുത്തിടെ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റ ഡോ. മാഴ്​സലോ ക്വിറോഗക്ക്​ രാജ്യം ചുമതല നൽകിയിരുന്നു. അതേസമയം, രാജ്യത്ത്​ കൊവിഡുമായി ബന്ധപ്പെട്ട്​ പ്രസിഡന്റിനെതിരെ ജനവികാരം ശക്​തമാണ്​. ബൊൾസൊനാരോ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്​ സമരം കൂടുതൽ ശക്​തിയാർജിച്ചിട്ടുണ്ട്​. കൊവിഡ് വ്യാപനം ആരംഭിച്ച സമയത്ത് ബൊൾസൊനാരോ രാജ്യത്ത് വേണ്ടത്ര പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിൽ വിമുഖത കാട്ടിയിരുന്നു. കൊവിഡ് നിസാരമാണെന്നും അതിനായി ലോക്ക്ഡൗൺ പോലെയുള്ള പ്രതിരോധ നടപടികൾ പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, ലോകത്ത് വാക്സിനേഷൻ പ്രക്രിയ തകൃതിയായി നടന്നിട്ടും കൊവിഡ് വ്യാപനം കൂടിയതിൽ ലോകരാജ്യങ്ങൾക്ക് ആശങ്കയുണ്ട്.

 കൊവിഡ് മീറ്റർ

 ലോകത്താകെ രോഗികൾ - 121,914,574

 മരണം - 2,694,637

 രോഗമുക്തർ - 98,255,411