
ഗീതാ–ബബിത ഫോഗാട്ട് സഹോദരിമാരുടെ ബന്ധുവും ഗുസ്തിതാരവുമായ റിതിക മരിച്ച നിലയിൽ
ന്യൂഡൽഹി : അന്താരാഷ്ട്ര വനിതാ ഗുസ്തി താരങ്ങളായ ഗീത–ബബിത ഫോഗാട്ട് സഹോദരിമാരുടെ ബന്ധുവും ഗുസ്തി താരവുമായ റിതിക ഫോഗാട്ടിനെ (17) ഗീത–ബബിത സഹോദരിമാരുടെ പിതാവും ദ്രോണാചാര്യ അവാർഡ് ജേതാവുമായ മഹാവീർസിംഗിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ഭരത്പൂരിൽ നടന്ന സംസ്ഥാനതല ഗുസ്തി മത്സരത്തിന്റെ ഫൈനലിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് റിതിക ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരമെന്ന് ചർക്കി ദാദ്രി പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് രാംസിംഗ് ബിഷ്ണോയി അറിയിച്ചു. മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. മഹാവീർസിംഗിന്റെ കീഴിലാണ് റിതിക പരിശീലനം നടത്തിയിരുന്നത്.
കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് റിതികയുടെ ബന്ധുവായ ഗീത ഫോഗട്ട്. 2010 ലാണ് ഗീത സ്വർണം നേടിയത്. ഈ വിഭാഗത്തിൽ ഗീത ഫോഗട്ട് ഒളിമ്പിക്സിലും മത്സരിച്ചിരുന്നു. 2014 കോമൺവെൽത്ത് ഗെയിംസിൽ അനുജത്തി ബബിത ഫോഗട്ടും സ്വർണം നേടിയിരുന്നു.ഇവരുടെ മറ്റൊരു കസിനാണ് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടിയിട്ടുള്ള ലോക ഒന്നാം നമ്പർ താരമായ വിനേഷ് ഫോഗാട്ട്.