
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ റഷ്യ ശ്രമിച്ചെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെതിരെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയതോടെ പ്രശ്നം സങ്കീർണമായി മാറുകയും ചെയ്തു. അട്ടിമറി ശ്രമത്തിന് പുടിൻ വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു എ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ പ്രതികരിച്ചത്. റിപ്പോർട്ടിന്റെ പരിണിതഫലം എന്തായിരിക്കുമെന്ന ചോദ്യത്തിന് ഉടൻ അത് കാണാമെന്നും ബൈഡൻ പറഞ്ഞു. റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ അതെയെന്നായിരുന്നു ബൈഡന്റെ മറുപടി. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയ്ക്കെതിരെ കാര്യമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. പുടിൻ കൊലയാളിയാണോയെന്ന് 2017ൽ ട്രംപിനോട് മാദ്ധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അമേരിക്ക അത്ര ശുദ്ധമാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
അംബാസഡറെ തിരിച്ച് വിളിച്ച് റഷ്യ
ബൈഡന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ റഷ്യ തങ്ങളുടെ അമേരിക്കൻ സ്ഥാനപതിയായ അനന്റോലി ആന്റോണോവിനെ തിരികെ വിളിപ്പിച്ചു. അമേരിക്കയുമായുള്ള ബന്ധം എങ്ങനെ തുടരണമെന്ന് ചർച്ച ചെയ്യാനാണ് സ്ഥാനപതിയെ തിരികെ വിളിച്ചതെന്ന് റഷ്യ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും എന്നാൽ അമേരിക്കയുടെ നടപടികൾ ഇതിനെ ഏറെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും റഷ്യ പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം വീണ്ടും വഷളാകുന്നതിന്റെ പൂർണ ഉത്തരവാദിത്വം അമേരിക്കക്കാണെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റ്യാബ്കോവ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ട്രംപ് നടത്തിയ നീക്കങ്ങൾ അമേരിക്കയുടെ നയതന്ത്രബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തുകയാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, വിഷയത്തിൽ റഷ്യയെ വിമർശിച്ച് ജി 7 രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.