
സാവോ പൗലോ: ബ്രസീലിയൻ ഫുട്ബാളിന്റെ അഭിമാനതാരമാണ് പെലെ.ബ്രസീലിലെ ഇതിഹാസ ഫുട്ബാൾ വേദിയാണ് റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയം. അടുത്തിടെ ഈ മാറക്കാന സ്റ്റേഡിയത്തിന് പെലെയുടെ പേര് നൽകാനുള്ള ബ്രസീൽ ഭരണകൂടത്തിന്റെ തീരുമാനം കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.
മൂന്ന് ലോകകപ്പുകളിൽ മുത്തമിട്ട ഏക താരമെന്ന നിലയ്ക്ക് പെലെയെ ആദരിക്കാൻ റിയോ ഡി ജനെയ്‌റോ ഗവർണർ ക്ലോഡിയോ കാസ്‌ട്രോ അനുമതി നൽകിയാൽ സ്‌റ്റേഡിയത്തിന് പെലെയുടെ പേര് വീഴും.വലിയൊരു വിഭാഗം ഇതിനോട് എതിർപ്പുമായി മുന്നിലുണ്ട്.
ബ്രസീലിയൻ സ്‌പോർട്‌സ് ലേഖകനായിരുന്ന മാരിയോ ഫിൽഹോയുടെ പേരാണ് ഇപ്പോൾ മാറക്കാന സ്‌റ്റേഡിയത്തിനുള്ളത്. 1950-ലെ ലോകകപ്പിനായി ഇത്തരമൊരു സ്റ്റേഡിയം നിർമിക്കുന്നതിനായി മുന്നിൽ നിന്ന വ്യക്തിയാണ് ഫിൽഹോ. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് സ്‌റ്റേഡിയത്തിന് ആ പേര് നൽകിയിരിക്കുന്നത്. എന്നാൽ ഫിൽഹോയുടെ പേര് സ്റ്റേഡിയത്തിന് സമീപമുള്ള സ്‌പോർട്‌സ് കോംപ്ലക്‌സിന് മാത്രമായി നൽകി സ്റ്റേഡിയത്തിന് പെലെയുടെ പേര് നൽകാനാണ് നീക്കം.
തന്റെ പത്രമായ ജേണൽ ഡോസ് സ്‌പോർട്‌സിലൂടെ ഫിൽഹോയാണ് മാറക്കാനയിൽ സ്‌റ്റേഡിയം നിർമിക്കണമെന്ന് ക്യാമ്പെയ്ൻ നടത്തിയത്. മാരിയോ ഫിൽഹോ ഇല്ലായിരുന്നെങ്കിൽ മാരക്കാന തന്നെ ഉണ്ടാകുമായിരുന്നില്ലെന്നാണ് പേരുമാറ്റത്തിനെതിരേ പ്രതികരിക്കുന്നവർ പറയുന്നത്. തന്റെ മുത്തച്ഛന്റെ പേര് മാറ്റുന്നതിനോട് യോജിക്കാനാകില്ലെന്ന് ഫിൽഹോയുടെ കൊച്ചുമകൻ മാരിയോ നെറ്റോയും പ്രതികരിച്ചിട്ടുണ്ട്.
അതേസമയം പെലെയ്ക്ക് മാറക്കാന സ്റ്റേഡിയത്തിൽ നിരവധി ഓർമകളുണ്ട്. 1969 നവംബർ 19-ന് മാരക്കാനയിലാണ് പെലെ 1000 ഗോളുകളെന്ന നേട്ടം കൈവരിച്ചത്. 1957 ജൂലൈ ഏഴിന് പെലെ ബ്രസീലിന് വേണ്ടി 16-ാം വയസിൽ അരങ്ങേറ്റം കുറിച്ചതും മാറക്കാനയിലാണ്.