
ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധർ ബസ്തി ബവാഖേലിൽ മംഗല്യദോഷം മാറാൻ പുരോഹിതന്റെ നിർദ്ദേശപ്രകാരം 13കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് ഒരാഴ്ച കൂടെത്താമസിപ്പിച്ച് ട്യൂഷൻ അദ്ധ്യാപിക. സംഭവത്തിൽ വിദ്യാർത്ഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും അദ്ധ്യാപികയുടെ സമ്മർദ്ധത്തെ തുടർന്ന് പരാതി പിൻവലിച്ചു. എന്നാലിത് വാർത്തയായതോടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ തടവിലാക്കി വിവാഹം ചെയ്തെന്ന പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മംഗല്യദോഷം കാരണം വിവാഹം നടക്കാത്തതിൽ അദ്ധ്യാപികയായ യുവതിയും കുടുംബം ഏറെ വിഷമത്തിലായിരുന്നു. ഇതിനിടെയാണ് ദോഷം മാറാൻ ഒരു ആൺകുട്ടിയെ കൊണ്ട് യുവതിയുടെ പ്രതീകാത്മക വിവാഹം നടത്തണമെന്ന് പുരോഹിതൻ നിർദേശിച്ചത്. തുടർന്ന് തന്റെ ട്യൂഷൻ ക്ലാസിലെ വിദ്യാർത്ഥിയായ 13കാരനെ അദ്ധ്യാപിക വരനായി തിരഞ്ഞെടുക്കുകയായിരുന്നു.
വിദ്യാർത്ഥിയെ ഒരാഴ്ച വീട്ടിൽ താമസിപ്പിച്ച് പഠിപ്പിക്കാമെന്ന് അദ്ധ്യാപിക വീട്ടുകാരോട് പറഞ്ഞു. ഇതനുസരിച്ച് വിദ്യാർത്ഥി അദ്ധ്യാപികയുടെ വീട്ടിൽ താമസമാക്കി. ഇതിനിടെയാണ് വിവാഹവും മറ്റു ചടങ്ങുകളും നടന്നത്. വിവാഹചടങ്ങുകൾക്കും ആദ്യരാത്രിക്കും ശേഷം അദ്ധ്യാപിക വളകൾ തച്ചുടച്ച് സ്വയം വിധവയായി പ്രഖ്യാപിച്ചു. പിന്നാലെ പ്രതീകാത്മക അനുശോചന ചടങ്ങുകളും നടത്തി.
ഒരാഴ്ച കഴിഞ്ഞ് 13കാരൻ സ്വന്തം വീട്ടിലെത്തിയപ്പോഴാണ് നടന്ന സംഭവങ്ങളെക്കുറിച്ച് മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. 13കാരനെ തടവിലാക്കി വിവാഹം നടത്തിയതിന് പുറമെ വീട്ടുജോലികൾ ചെയ്യിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു.
കുടുംബത്തിന്റെ പരാതിയിൽ അദ്ധ്യാപികയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പരാതി ഒതുക്കിതീർക്കാനായിരുന്നു ഇവരുടെ ശ്രമം. പിന്നീട് കുടുംബത്തെ സമ്മർദ്ധത്തിലാക്കി പരാതി പിൻവലിപ്പിച്ചു. അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.