
വാഷിംഗ്ടൺ: ഭീകര സംഘടനയായ താലിബാനുമായി ഉണ്ടാക്കിയ കരാർ പ്രകാരം അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പൂർണമായും പിൻവലിക്കാൻ ബുദ്ധിമുട്ടാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മെയ് ഒന്നിന് മുൻപ് അഫ്ഗാനിൽ നിന്നും സൈന്യത്തെ തിരിച്ചുവിളിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തെ പിൻവലിക്കാനാകും. എന്നാൽ അത് ഏറെ ശ്രമകരമാണ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ ചർച്ച ചെയ്ത് തീരുമാനമുണ്ടാക്കിയിട്ടില്ല - ബൈഡൻ പറഞ്ഞു. ട്രംപ് അധികാരം കൈമാറുന്ന സമയത്ത് കാര്യങ്ങൾ സുഗമമായല്ല നടന്നത് അതുകൊണ്ടു തന്നെ അഫ്ഗാൻ വിഷയത്തിൽ കൃത്യമായ തീരുമാനമെടുക്കാൻ സമയം കിട്ടിയില്ല - ബൈഡൻ വ്യക്തമാക്കി.
പ്രത്യാഖ്യാതമുണ്ടാകുമെന്ന് താലിബാൻ
അതേസമയം, ധാരണയുണ്ടാക്കിയ സമയത്തിനുള്ളിൽ അമേരിക്ക സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് താലിബാൻ അറിയിച്ചു. കരാർ പ്രകാരം അമേരിക്ക അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തയ്യാറാകണമെന്ന് താലിബാൻ വക്താവ് സാബിഹുള്ളാ മുജാഹിദ് പറഞ്ഞു. ‘അമേരിക്ക അത് ചെയ്തില്ലെങ്കിൽ, ഇനി അത് എന്തിന്റെ പേരിലാണെങ്കിലും, പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് ഉത്തരവാദി അവർ തന്നെയായിരിക്കും - സാഹിബുള്ള പറഞ്ഞു
.