
ഡൊഡോമ: ടാൻസാനിയൻ പ്രസിഡന്റ് ജോൺ മഗുഫുലി (61) അന്തരിച്ചു. വൈസ് പ്രസിഡന്റ് സാമിയ സുലുഹു ഹസനാണ് മരണ വിവരം പുറത്തുവിട്ടത്. രാജ്യത്ത് 14 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ നാളായി ആരോഗ്യ നില മോശമായിരുന്ന അദ്ദേഹത്തിന് ഹൃദ്രോഗവും ഉണ്ടായിരുന്നുവെന്നാണ് വിവരം. ആരോഗ്യം പ്രശ്നങ്ങൾ മൂലം മൂന്നാഴ്ചയായി പൊതുരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു മഗുഫുലി. അധികാരത്തിലിരിക്കെ മരണപ്പെടുന്ന ആദ്യ ടാൻസാനിയൻ പ്രസിഡന്റാണദ്ദേഹം. ഒക്ടോബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് മാഗുഫുലി രണ്ടാം തവണയും പ്രസിഡന്റായത്. അതേസമയം, അടുത്ത പ്രസിഡന്റായി സാമിയ സുലുഹു ഹസൻ സ്ഥാനമേൽക്കും. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് 61കാരിയായ സാമിയ. ടാൻസാനിയൻ ഭരണഘടന പ്രകാരം പ്രസിഡന്റ് മരിച്ചാൽ വൈസ് പ്രസിഡന്റിന് ഭരണാധികാരിയാകാം.
 മരണത്തിൽ ദുരൂഹതയോ?
ഫെബ്രുവരി 27ന് ശേഷം മഗുഫുലിയെക്കുറിച്ചുള്ള യാതൊരു വിവരവും സർക്കാർ പുറത്തുവിട്ടിരുന്നില്ല. പിന്നീട് പുറത്തുവരുന്നത് അദ്ദേഹത്തിന്റെ മരണവാർത്തയാണ്. ഇത് ലോകമെമ്പാടും ചർച്ചയായിട്ടുണ്ട്. അദ്ദേഹം കൊവിഡ് ബാധിതനാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം, മഗുഫുലി കൊവിഡ് ബാധിതനായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമായിരുന്നുവെന്ന് സർക്കാർ പ്രതികരിച്ചു.
ഹൃദയസംബന്ധമായ രോഗങ്ങൾ മൂലമാണ് മഗുഫുലി മരിച്ചത്. പത്ത് വർഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. വിദേശത്ത് താമസിക്കുന്ന മഗുഫുലി വിരോധികളായ ചില ടാൻസാനിയൻ പൗരന്മാരാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് -
സാമിയ, നിയുക്ത ടാൻസാനിയൻ പ്രസിഡന്റ്